ആ പഴയ മഴ തന്നെ ഇപ്പോഴും
Oct 31, 2008
മഴക്കാലമായാൽ തുടങ്ങും
അവൾക്കാ വലിവിന്റെ കേട്
നെഞ്ചിൻ ചെരുവിലേക്ക്
കാർമേഘങ്ങളിറങ്ങും
ഉരുണ്ടുകൂടി പെയ്യാതെ നിൽക്കും.

ഊതിക്കെട്ടിയ
ഏലസ്സുണ്ടരയിൽ
നാട്ടുചികിത്സയും
അലോപ്പതിയും മാറി മാറി…
മാറ്റമൊന്നുമില്ല
മഴക്കുളിര് വന്നാൽ
ശ്വാസം കിട്ടാതെ ചുരുളാൻ തുടങ്ങും

വിളിച്ചപ്പോളവൾ പറഞ്ഞു
മഴ തുടങ്ങിയിരിക്കുന്നു
മഴയ്ക്ക് ഒരു മാറ്റവുമില്ല
ആ പഴയ മഴ തന്നെ…

തുലാവർഷമാണ്
ജനലോരത്ത് അവളുടെ പേടി
പകച്ചു നിൽക്കുന്നതും
ആകാശത്തേക്ക് ശ്വാസം
ചുരുണ്ടുരുണ്ട് പോകുന്നതും
കാണാൻ പറ്റുന്നുണ്ട്

ഇവിടെ മഴയുണ്ടോന്ന്
ചോദിച്ചപ്പോൾ
കണ്ണ് നിറഞ്ഞ് പെയ്തു

മുമ്പൊരിക്കലവൾ പറഞ്ഞതാണ്
ഞാനും വരികയാണങ്ങോട്ട്
വല്ലപ്പോഴുമല്ലെ മഴയുള്ളൂ
അതും മറ്റൊരു മഴ…

ഇവിടെയിപ്പോൾ
മഴയുണ്ടെന്നോ
ഇല്ലെന്നോ പറഞ്ഞില്ല
ഫോൺ നിശ്ചലമായിരുന്നു

ജലതുള്ളി ഇറ്റിവീഴുമൊച്ചയോടെ
ഫോൺ സന്ദേശം വന്നു
Your account balance is 0


 

 
8വായന:
  • Blogger നസീര്‍ കടിക്കാട്‌

    നാട്ടിൽ മഴ

     
  • Blogger umbachy

    മഴപ്പൊതി
    മഴക്കാലം
    തലയില്‍ ചൂടുവാന്‍
    അനിയത്തിക്കൊരു
    ഫോറിന്‍ കുട
    കൊടുത്തയക്കണം.

    വീട്ടിലേക്കുള്ള
    വിളിയില്‍
    മഴ
    പെയ്തിറങ്ങി.

    നാലു മണിക്കുള്ള
    ലോങ് ബെല്ല്`
    തുറന്നു വിടുന്ന
    കുടകളുടെ കാട്ടിലെ
    പണ്ടത്തെ
    മഴപ്പൊട്ടനുണര്‍ന്നു.

    ഇടവപ്പാതിയില്‍ നിന്ന്`
    ഒരു പൊതി
    കൊടുത്തയക്കുമോ..
    .........
    .........
    നല്ല മഴയാണ്
    നീ പറയുന്നതൊന്നും
    മനസ്സിലാവുന്നില്ല.
    പിന്നെ വിളിക്കുമോ നീ,
    ലൈന്‍ കട്ടായി.

     
  • Blogger നസീര്‍ കടിക്കാട്‌

    ഉമ്പാച്ചീ
    ഇതെന്റെ ഫോണാണ്
    പെയ്തതും കരഞ്ഞതും കട്ടായതും...

     
  • Blogger Mahi

    ജലതുള്ളി ഇറ്റിവീഴുമൊച്ചയോടെ
    ഫോൺ സന്ദേശം വന്നു
    Your account balance is 0

    .ഇതിലുണ്ടെല്ലാം.വേദനകള്‍ മഴയായ്‌ പെയ്തുകൊണ്ടിരിക്കുന്നു

     
  • Blogger നജൂസ്‌

    മഴകാരണം ഇപ്പൊ വിളിച്ചാലും കിട്ടുന്നില്ല.
    എപ്പോഴും വാക്കുകളുടെ കൊളുത്തുകള്‍ ഇണചേരാനാവാതെ അടക്കിപ്പിടിക്കലോടെ നിലച്ചു പോവുന്നു.

     
  • Blogger Jayasree Lakshmy Kumar

    നിസ്സഹായതയുടെ സീറോ ബാലൻസിൽ എത്തി നിൽക്കുന്ന അക്കൌണ്ടുകൾ

     
  • Blogger മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ

    മറുപുറങ്ങളും,
    മറുപടികളും,
    മറുമൊഴിയായ്,
    മാറ്റിതീര്‍ക്കുന്ന വേദന!

     
  • Blogger Unknown

    ഇവിടെ മഴയുണ്ടോന്ന്
    ചോദിച്ചപ്പോൾ
    കണ്ണ് നിറഞ്ഞ് പെയ്തു

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007