കണ്ണുംചിമ്മി നടക്കും ഞാനെന്നു
സ്വരാജ്‌റൌണ്ടിൽ എത്തുമ്പോൾ
കാലമെത്ര കഴിഞ്ഞിട്ടും
ഇടം വലം തെറ്റുന്നു.
അകത്തേക്കും പുറത്തേക്കുമുള്ള
ഓരോ ചെറിയ പാതയും
പുതിയതാകുന്നു.
ആരോടു ചോദിച്ചാലും
പുതിയ ആളാണെന്ന്
അങ്ങോട്ടും ഇങ്ങോട്ടും നീളുന്ന വിരലറ്റങ്ങളിൽ
വഴിപിഴച്ച്
സ്വരാജ്‌റൌണ്ടിലേക്കു തന്നെ
വട്ടം തിരിഞ്ഞെത്തുന്നു.
ഏതെല്ലാം നിറങ്ങളുള്ള ബസ്സിൽ
എന്തെല്ലാം പേരുകളുള്ള ഓട്ടോയിൽ
എത്ര അസമയങ്ങളിൽ
വന്നിറങ്ങിയതാണ്
രാവും പകലും തെറ്റി
അലഞ്ഞതാണ്.
എത്തിയത് എവിടെയാണെന്ന്,
ആരാണെന്ന-
സംശയിച്ച ചോദ്യങ്ങൾ കേട്ടു
ഉത്തരം എന്തു പറയുമെന്നു വിയർത്ത്
പേര് പോലും മറന്ന്
ഏതെല്ലാം വഴിക്കു തിരിച്ചുപോയതാണ്.
സ്വരാജ്‌റൌണ്ടിൽ
ആളുകൾ വണ്ടികൾ
പുതിയ വഴി തുറക്കുന്നു
വഴിയരികിൽ
പുതിയ കച്ചവടം തുടങ്ങുന്നു
പുതിയ തരം അടിവസ്ത്രങ്ങൾ
കളിപ്പാട്ടങ്ങൾ
തീറ്റകൾ
കുടികൾ
ഉറക്കങ്ങൾ...
സ്വർണ്ണാഭരണം അലങ്കരിച്ച വഴി
ശക്തൻതമ്പുരാൻ മാർക്കറ്റിലേക്കോ
വാഞ്ചി ലോഡ്ജിലേക്കോ?
തോൽചെരുപ്പുകളുടെ
കണ്ണാടിക്കൂടിനു മുമ്പിൽ ചെന്നുമുട്ടും.
നടക്കാനറിയാത്തവനേ എന്ന്
ചെരുപ്പുകൾ
ലെഫ്റ്റ് റൈറ്റ് അടിക്കുന്നു
എറിയുവാൻ ഉന്നം നോക്കുന്നു.
ഓടിപോകുമ്പോൾ
പോലീസുകാരൻ വഴി തടഞ്ഞ്
പേരും നാടും ചികഞ്ഞ്
അടിമുടി ചുഴിഞ്ഞുരുട്ടി
കാൽപന്തു കളിച്ച്
ഒന്നോ രണ്ടോ ഗോളടിച്ചു മടുത്ത്
പടിഞ്ഞാറേ കോട്ടയിൽ ഉപേക്ഷിക്കും
കാണുന്നവരെല്ലാം ഒന്നു തട്ടിനോക്കും.
വടക്കേസ്റ്റാന്റിലേക്കു നടന്നതാണ്
ഷൊർണൂർ റോഡിലൂടെ
പൂങ്കുന്നം പാലത്തിനു മുകളിലെത്തി.
താഴെ വടക്കേചിറ
പൊട്ടിയൊലിച്ചു വരുന്നുണ്ടോ?
തുള്ളി വെള്ളമില്ല
കടൽമീനുകളും പുഴമീനുകളും
ചത്തുമലച്ചു കിടക്കുന്നു.
പുഴ വറ്റിയോ
കടൽ വറ്റിയോ എന്ന്
നെഹ്രുപാർക്കിൽ
ഓടിനടക്കുന്ന ഭ്രാന്തന്
ചാച്ചാ ചാച്ചായെന്ന് തണൽമരങ്ങൾ
ഇലകളും പൂക്കളും തുന്നിചേർത്ത്
സ്വരാജ്‌റൌണ്ടിൽ റീത്ത് പണിയുകയാണ്.
ഇടയ്ക്കിടെ
കുഴിച്ചെടുക്കുന്ന പൊട്ടിച്ചിരിയിൽ
ഭ്രാന്തൻ
അകത്തേക്കും പുറത്തേക്കുമുള്ള
വഴികൾ അടയ്ക്കും.
അടഞ്ഞുപോകുന്ന വഴികൾ
ചരിത്രം കൊത്തിയ വാതിൽ
കരിങ്കൽതൂണുകൾ.
വടക്കുംനാഥനും തിരുവമ്പാടിയും
പരസ്പരം മാറും
കൃഷ്ണാ എന്ന് വിളിക്കുമ്പോൾ
കൃഷ്ണനതാ അവിടെ
പിന്നിലുണ്ടാവും
മറ്റൊരു ദിക്കിലേക്കു വിരൽ ചൂണ്ടി
മറ്റാരോ
മറ്റാരൊക്കെയോ...
എത്ര വിരലുകളാണ്
എത്ര ദിക്കുകളാണ്
കൊട്ടാരം റോഡിലൂടെ
രാമനിലയത്തിന്റെ കവാടത്തിൽ
കൃഷ്ണനെ തിരയുന്നു.
കാഴ്ചബംഗ്ലാവിനു മുമ്പിൽ
ഇപ്പോഴും കേൾക്കുന്നുണ്ട്
സിംഹം
തേക്കുമരങ്ങൾക്കിടയിലൂടെ
ഗർജ്ജിച്ചു നടക്കുന്നതിന്റെ
വഴിതെറ്റിയ വിജനത.
മ്യൂസിയത്തിലെ പീരങ്കിയിൽ
ആരോ
വെടിയുണ്ട നിറയ്ക്കുന്നുണ്ട്.
തൃശൂർ കണ്ടു കൺനിറയെ
അലസമായലഞ്ഞു മനസ്സ്
വഴി തെറ്റിയ യാത്രയിൽ
കണ്ടതില്ല ഇന്ത്യൻ കോഫീ ഹൗസും
.
നസീർ ഒരു നല്ല ഓർമ്മ
തന്നു. ഇതിനു കുഴൂരിനേക്കാൾ മുൻപെ ഞാനൊരുമ്മ തരാം.