പുകവലി ആരോഗ്യത്തിന്‌ ഹാനികരമാണ്‌
Jul 6, 2007
ആദ്യത്തെ പുകയിൽ
കവർന്നെടുക്കപ്പെടുന്ന
ഒരു കടലുണ്ട്
ഓരോ തിരയിലും
മുങ്ങി നിവരുന്ന
ജീവിതമുണ്ട്
ഓരോ ജീവിതത്തിലും
കണ്ടെടുക്കപ്പെടാനാവാത്ത
പുകയുടെ ഒരാകാശമുണ്ട്....

സങ്കോചത്താലൊളിപ്പിക്കപ്പെടുന്നത്
ചിരിയിൽ മറയ്ക്കപ്പെടുന്നത്
കരച്ചിലാൽ മറയിടപ്പെടുന്നത്!

ആദ്യത്തെ പുക,
കടലു കാണുവാൻ പോയ-
കുട്ടിയുടെ
ആദ്യത്തെ തിരക്കാഴ്ചയാണ്:
തിരകൾക്കുള്ളിലെ
ജീവികൾ..ജീവിതങ്ങൾ...

ജലത്തിലിഴയുന്നത്
മുങ്ങി നിവരുന്നത്
മുങ്ങി മറയുന്നത്
ചിപ്പിയിലൊളിച്ചിരിക്കുന്നത്
കല്ലിലൊട്ടിയിരിക്കുന്നത്
പറന്നാകാശം തേടുന്നത്....
***********************
പുക,
മഴയ്ക്കും മുമ്പേയെത്തുന്നു
പിടഞ്ഞ കാറ്റായി...
ഉടഞ്ഞ ചിറകായി...

കാറ്റു പെയ്യുന്ന
ചില കളികളുണ്ട്:
-ഒന്നാനാം കുന്നിന്മേൽ
ഓരടി മണ്ണിന്മേൽ...
ഒന്നാം ക്ലാസ്സിലെ കുട്ടി
കാറ്റു കൊള്ളുന്നു.

കടൽ തീരങ്ങളിൽ
കാറ്റാടി നടുന്നു
കാറ്റാടി കൂവുന്നു:
-കൂ...കൂ....
കാറ്റിന്റെ കൂക്കിൽ
കാടുറയുന്നു
കുട്ടി,കാടു കാണുന്നു
കാടിന്റെ നിറം,
മഴ.
*******************
മഴയായിത്തീരുന്ന
പുകയുണ്ട്,
ഓർമ്മകൾ പോലെ.

ഒരിക്കലും പെയ്തുതീരാതെ
പുകമറയിലേക്ക്
തീ ചോദിച്ചെത്തുന്ന
ചിലരുണ്ട്:
ഇഛയുടെ
വിരൽ നീട്ടി,
ദേശാടന പക്ഷിയെപ്പോലെ...
*********************
അവസാനത്തെ പുക,
കാമുകിയുടെ
ആദ്യചുംബനമെന്നാരോ...

അവസാനത്തെ പുകയിൽ,
അറുത്തെടുക്കപ്പെടുന്ന
കടലുണ്ട്.
ഓരോ തിരയിലും
ശ്വാസം തേടുന്ന
ജീവിതമുണ്ട്.
കണ്ടെടുക്കപ്പെടാനാവാത്ത
കടപ്പാടുകൾ...

ഒരു ചിരിയിലും
മായാതെ...
ശവമായങ്ങിനെ...


 

 
0വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007