കടല്‍ തന്നത്‌
Jul 9, 2007
ഉപ്പും,മല്‍സ്യവും മാത്രമല്ല
കടല്‍,
കടലോളം തന്നത്‌!

കാണാക്കയങ്ങളിലേക്കുള്ള യാത്ര

ജലകുമിളയുടെ ചുംബനത്തില്‍
മറന്ന പ്രണയത്തിന്റെ
നീല ഞരമ്പുകള്‍

വെയിലുണക്കമില്ലാത്ത
സസ്യങ്ങളുടെ
വെളിമ്പുറങ്ങളില്‍
തെളിഞ്ഞുണരുന്ന
ഭൂമിയുടെ ബാല്യം.

ചെറുമീനുകളുടെ മിന്നലില്‍
ഗതി ചിതറുന്ന
യൗവ്വനാസക്തി...

കടലാമയുടെ തുഴച്ചിലിനൊപ്പം
ഒച്ചയില്ലാത്ത
ഒളിച്ചു കളി

കടല്‍പര്‍വ്വതങ്ങളില്‍
ജീവനായും
ലവണമായും
പറ്റിക്കിടക്കുന്ന
സ്വപ്നങ്ങളുടെ സ്തലരാശികള്‍

ജലസ്നാനം ചെയ്ത
അസ്തികൂടങ്ങളില്‍
മിഴി തുറക്കുന്ന
പൂര്‍വ്വജന്മ ജീവിതം

കപ്പലോട്ടങ്ങളുടെ
ഓളച്ചുഴിയില്‍
മുങ്ങി നിവരുന്ന
പ്രയാണരേഖ
യുദ്ധവും
മരണവും....

കൂറ്റന്‍ മല്‍സ്യങ്ങളുടെ
യാനക്കുരുതിയില്‍
ചരിത്രത്തിന്റെ
തേരിറക്കം

ഉപ്പും,മല്‍സ്യവും മാത്രമല്ല
കടല്‍,
കടലോളം തരുന്നത്‌...

മുങ്ങാം കുഴിയിട്ട്‌
മണലില്‍ കണ്ണു പുതഞ്ഞ്‌
തിരയില്‍ വാക്കു പിടഞ്ഞ്‌
മാഞ്ഞു പോയ എന്നെക്കാത്ത്‌
ഓരോ തീരത്തും
എന്റെ കാല്‍പാടുകള്‍!

-കടലമ്മേ,
മായ്ക്കൊല്ലെ...മായ്ക്കൊല്ലെ...


 

 
3വായന:
 • Blogger സാല്‍ജോҐsaljo

  കൊള്ളാം
  ഇഷ്ടപ്പെട്ടു.:)

   
 • Blogger ഞാന്‍ ഇരിങ്ങല്‍

  കവിത കൊള്ളാം.
  അഭിനന്ദനങ്ങള്‍

   
 • Blogger അഗ്രജന്‍

  “ഉപ്പും,മല്‍സ്യവും മാത്രമല്ല
  കടല്‍,
  കടലോളം തന്നത്‌!“

  അതെ, പിന്നേയും ഒരുപാട് തന്നു!

  വളരെ ഇഷ്ടപ്പെട്ടു ഈ കവിത.

  ആദ്യമായിട്ടാണീ ബ്ലോഗില്‍ - എല്ലാം വായിക്കുന്നുണ്ട്, പതിയെ.

  ഒരു അയല്‍ നാട്ടു (തൊഴിയൂര്‍) കാരന്‍ :)

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007