എനിക്കറിയാത്ത ഓരോരോ പെണ്‍ പേരുകള്‍
Jul 8, 2007
പ്രേമമെന്നാശിച്ച
പെണ്‍കുട്ടിയുടെ പേര്‌
അറിയില്ലായിരുന്നു,
ഇപ്പൊഴും.

നീലഫ്രോക്കിലും
വെള്ള ജംബറിലും
അവളെ എന്തു പേരിട്ടു വിളിക്കുവാന്‍?

കുന്നിറങ്ങുമ്പോള്‍
കുടമറയില്‍
വെയിലിനോടൊളിച്ചു-
കളിച്ചവളുടേയും
പേരറിയില്ല...
പ്രേമമെന്നും!

പൂവള്ളി ദാവണിക്കാരിയെ
എന്തു പേരിട്ടു വിളിക്കുവാന്‍?

പെണ്ണുകാണാന്‍ നേരം
പേരു ചോദിച്ചില്ല
സ്വന്തമാവാനുള്ളവളോടും...
പേരറിയില്ല,
കൂടെപ്പൊറുക്കുന്ന പെണ്ണിന്റെയും.
പെറ്റും,പോറ്റിയുമാര്‍ദ്രയായവളെ
എന്തു പേരിട്ടു വിളിക്കുവാന്‍?

ഓരോ അന്തിക്കറുപ്പിനുമൊപ്പം
നിലവിളിയേറ്റമാവുന്ന
അയല്‍ക്കാരിയുടെ
പേരറിയില്ല

ഇടിയും തൊഴിയും നീലിച്ച
അര്‍ദ്ധനഗ്നതയേയും,
അരവയര്‍ നോവിനേയും
പേരിട്ടു വിളിക്കാനറിയില്ല...

പട്ടണയാത്രയില്‍
ഒളികണ്ണും,
കാമവുമെറിഞ്ഞ
പരിഷ്കാരിപ്പെണ്ണിന്റെ പേരോ?

കടുംചുവപ്പില്‍
ലിപ്സ്റ്റിക്കധരവും
കടും നീലയില്‍
കണ്‍പീലി പിടച്ചിലും
ഏതു പേരു വിളിക്കുവാനാകാം
മോഹിച്ചിരിക്കുക?

അകലെയൊരു
ജനല്‍ചില്ലയില്‍
വിധി വേള്‍ക്കുന്ന
വിധവയുടെ
പേരറിയില്ല.
മാഞ്ഞ സിന്ദൂരവും,

വെളുത്ത ഉടയാടയും ചേര്‍ന്നു-
മറച്ചു വയ്ക്കുന്ന ജനല്‍ക്കാഴ്ചയുടെ
പേരെന്താവാം?

പിറക്കാതെ പോയ-
മകളുടെ പേരോ?
എന്തു പേരിട്ടു വിളിക്കും,
ഞാനവളെ?


 

 
2വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007