കടിക്കാടംശംദേശം
Jul 6, 2007
കാഴ്ചയുടെ നിബിഡമായ ചില
ഭൂപ്രദേശങ്ങളുണ്ട്,
ഹിമാലയം പോലെ.
മഴപ്പെയ്ത്തിന്റെ കടലേറ്റവും
വെയിലുറയുന്ന മരുഭൂമിയും പോലെ

കാഴ്ചയുടെ, നിബിഡമായ
ചില ഓര്മ്മകളുണ്ട്,
ഇലകളില് പടര്ന്നു വറ്റുന്ന
അവസാന മഞ്ഞിന് കണം പോലെ...

നെറ്റ് വലയില് കുരുങ്ങിക്കിടന്ന്
ഉണ്ണി, വിളിച്ചു കൂവുന്നു:
-യുറേക്കാ,യുറേക്കാ....

ഭൂഗോളസഞ്ചാരത്തിന്റെ
ഗൂഗിളതിര്ത്തിയില്
സ്വന്തം ഭൂപടം കണ്ടുപിടിക്കപ്പെടുന്നു:
-അച്ഛാ...കടിക്കാട്...

മോണിട്ടറില്,
പച്ചയുടെ ഒരു വിരിപ്പ്
അതിനും മുകളില്
ചൂണ്ടുവിരല് എലിച്ചുണ്ടായ്
ഏതോ അന്യഗ്രഹജീവിയായ്
ഉണ്ണി പറന്നു നടക്കുന്നു.

മടക്കുകളൊടിഞ്ഞ
ഭൂപട വിസ്ത്രിതിയില്
അച്ഛന്,അടയാളം തിരയുന്നു:
കടിക്കാടംശം ദേശം....

ദിക്കുകളെട്ട്
കിഴക്കന് പുഞ്ചയുടെ
ചൂരു ചുമലിലേറ്റി,
ബീവാത്തു..അമ്മിണി....
കുട്ടാടന് കണ്ടത്തിന്റെ
കുറുമ്പും,കുന്നായ്മയും...

വെളുത്ത നസ്രാണ്യാപ്ല
കറുത്ത നസ്രാണ്യാപ്ല.
വലിയ കുളത്തിന്റെ
ആഴത്തില് മുങ്ങി,
ഒന്നേ,രണ്ടേ,മൂന്നേ...
കുട്ടികളെണ്ണുന്നു.
എണ്ണിത്തീരാത്ത കുളക്കടവില്
മാറു തുളുമ്പുന്നു.

കാവിലുറയുന്ന നിഴലനക്കത്തില്
പ്രേത സഞ്ചാരങ്ങള്
ആത്മവിസ്താരങ്ങള്
ഒടിയനിറങ്ങും ചിറ
ചിറ്റോളം
വേട്ടയ്ക്കൊരു മകനാ-
യിരത്തൊന്നു തേങ്ങ!
നാലീടിലുണരും പാതിര
പാണത്തുടി
നിറ,നാഗങ്ങളിഴയും
നാഗാനുരാഗം....

ഭൂപടം,
ഒരു സഞ്ചാര രേഖയല്ല
ഓര്മ്മകളോ
സ്വപ്നങ്ങളോ അല്ല.

ഉണ്ണിക്കു കണ്ടെത്തി
ആഹ്ലാദിക്കുവാനും,
അച്ഛന്,ഓര്മ്മ കത്തി
കരിഞ്ഞു തീരുവാനും...


 

 
1വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007