സവിത,ഒരു കാട്‌
Jul 6, 2007
(കബനീനദിയില്‍മുങ്ങിമരിച്ച
ആദിവാസിയും
അവിവാഹിതയുമായ ജാനുവിന്റെ
മകള്‍സവിത.
ഒ.കെ.ജോണിയുടെ
ഡോക്യുമെന്ററിയിലൂടെ കണ്ട
സവിതയുടെ ക്ലോസപ്പ്‌.........
കാഴ്‌ചയുടെ തുടര്‍ച്ചയാവുന്നു......)
പക്ഷികള്‍ ചോദിക്കുകയാണ്‌:
-സവിതേ,നിന്റെ വനവിസ്മയങ്ങളിലേക്ക്‌
ആരാണ്‌ കുതിരക്കൂട്ടങ്ങള്‍പായിക്കുന്നത്‌?
കുളമ്പടിയൊച്ച കേള്‍ക്കുന്നില്ലല്ലൊ
വേഗങ്ങളുടെ കുതിരമുഖം കാണുന്നില്ലല്ലൊ

നെഞ്ചില്‍തറയ്ക്കുന്ന-
കുളമ്പിന്‍ ക്രൌര്യത്തില്‍
പിതൃവാല്‍സല്യത്തിന്റെ കടലിരമ്പം
ചോരക്കയ്പില്‍
അച്ഛന്‍നീട്ടുന്ന ചായപ്പെന്‍സില്‍.

ഇലകള്‍ചോദിക്കുകയാണ്‌:
-സവിതേ,
നിന്റെ കാട്ടാറുകളിലേക്ക്‌
ആരാണ്‌യുദ്ധക്കപ്പലുകളിറക്കുന്നത്‌?
വെടിയൊച്ച കേള്‍ക്കാതെ
കപ്പല്‍കൊടികള്‍കാണാതെ
അവള്‍കാട്ടുമഴ നനയുന്നു.
മഴയില്‍അമ്മ മുലചുരത്തുന്നു
മുലക്കണ്ണിലും കടലിരമ്പം...

ഏട്ടന്‍ചോദിക്കുകയാണ്‌:
-സവിതേ,നമുക്ക്‌ ആരാണുള്ളത്‌?
രേഖകളും,ചായങ്ങളുമില്ലാതെ
കാടിന്റെ ആകാശം,
ഏകാന്തമായ തിരശ്ശീലയാവുന്നു.
ചാപിള്ളയെ പൊതിഞ്ഞ
പഴന്തുണി പോല്‍,ആകാശം-
സവിതയുടെ ഉണര്‍ച്ചകളിലേക്കു വീഴുന്നു.

സവിത,ഒരു കാട്

വാതില് പടിയില്,
വീടു തിരയുന്ന
വീടു ചികയുന്ന
തുറക്കാത്ത
അടയാത്ത
കണ്ണുകള്.....

വാതിലുകള് അടയുന്നതും
കണ്ണുകള് കുഴിയാനകളാവുന്നതും
ഏതു കാലഭേദത്തിലാവാം?
വാതില്പടിയില്,സവിത
വാക്കുകള് കൂട്ടിത്തുന്നുകയാണ്...

ക്യാമറക്കണ്ണില്-
അതിശയങ്ങളുടെ ജലാശയമുണ്ട്
കലാപത്തിന്റെ കാറ്റുണ്ട്
അവള് കാടു മാത്രം കാണുന്നു
ദിക്കു തെറ്റിയ മുഖത്തിന്റെ
ക്ലോസപ്പില്,
സവിത,അകം പെരുക്കുന്നു:
വീടിന്റെ പൊരുളെന്താണ്?

ഇറയക്കണ്ണീരാണ് മുത്തശ്ശി
വീടുവീടാന്തരം നിശ്ശബ്ദമായെത്തുന്ന
മരണമുറി
മറുവാക്കു കെട്ട മണ്ചുവര്
മിഴിവറ്റിയ മുളന്തൂണുകള്

സവിത,
വീടു തിരയുന്നു
വീടു ചികയുന്നു

കാടുകള്ക്കുള്ളില് വീട്
വീടുകള്ക്കുള്ളില് കാട്.


 

 
0വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007