എനിക്കു സാക്ഷി ഞാന്‍
Oct 5, 2007
ഏകസാക്ഷി;
വാക്കില്‍
ഉടയാട കുടഞ്ഞെറിഞ്ഞും
നഗ്നം,
മറുവാക്കില്‍
ക്ഷോഭം വിയര്‍ത്തും
ഉടഞ്ഞ വാക്കേറ്റത്തിന്‍
ചിതറിയ വ്യാകരണ-
മേറ്റിക്കിതച്ചും
സാക്ഷിക്കൂട്ടില്‍
എനിക്കു സാക്ഷി
ഞാനെന്നു പകര്‍ന്നാടി....

പല കാലങ്ങള്‍
ബുദ്ധയാത്രകള്‍
അകം കൊരുത്ത-
കുരുതികള്‍
മഹായുദ്ധങ്ങള്‍
മരണങ്ങള്‍

ധ്യാനജാതകം;
കാലച്ചൊല്ലലില്‍
ബാക്കി വച്ചതൊക്കെയും
മിഴി പൂട്ടി,യേകം
മൊഴി കൂട്ടി
സാക്ഷിക്കൂടു പിളര്‍ന്നു
വിധി തിരയുന്നു!
സമുദ്രത്തിന്നാഴങ്ങളി-
ലൂളിയിട്ടു,
പ്രളയം പകുത്തു
നിന്‌റെ പങ്കു നിനക്കെന്നു
നിശിതം
ആഴങ്ങളോരോന്നും നിവര്‍ത്തി
പറയാത്ത വാക്കിന്‌റെ
പാറ പൊട്ടിച്ചു-
മണ്ണായ്‌,
മണ്ണിന്നുയിരായ മനസ്സായ്‌
നനഞ്ഞു കുതിര്‍ന്നു
വിത്തിന്നുര്‍വ്വര ഗര്‍ഭമായ്‌
മഹാവനസ്തലിയായേകം...

ഏകസാക്ഷി;
എനിക്കു സാക്ഷി ഞാന്‍....


 

 
1വായന:
  • Blogger മുസാഫിര്‍

    പറയാത്ത വാക്കിന്‌റെ
    പാറ പൊട്ടിച്ചു-
    മണ്ണായ്‌,
    മണ്ണിന്നുയിരായ മനസ്സായ്‌
    നനഞ്ഞു കുതിര്‍ന്നു
    വിത്തിന്നുര്‍വ്വര ഗര്‍ഭമായ്‌
    മഹാവനസ്തലിയായേകം...
    - എവിടേയും ശാന്തിയില്ല അല്ലെ ?ഇഷ്ടമായിi കവിത,നസീര്‍.

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007