ഗോദോയെക്കാത്ത്‌
Nov 14, 2007
എത്ര വിളിച്ചിട്ടും
മറുപടിയോ,മറുവിളിയോ
കിട്ടാതായ മദ്‌ധ്യാഹ്നത്തില്‍
ഉത്തരം കണ്ടെത്തി:
"ഞാന്‍,ഗോദോയെ കാത്ത്‌... "

നഗരത്തിന്‌
ചത്തുവീര്‍ത്ത അജ്‌ഞ്ഞാത-
ജന്തുശരീരത്തിന്റെ ഗന്ധമുണ്ട്‌,
വെയിലിറക്കത്തിന്റെ പാതയോരത്ത്‌
കാല്‍നടക്കാരുടെ ഏകാന്തദ്വീപുകളുണ്ട്‌,
തെറിച്ചുവീണു കൊണ്ടിരിക്കുന്ന
ഭാഷയറിയാത്ത ഗാനത്തില്‍
ആരോ പിടയുന്നുണ്ട്‌,
നരച്ച ആകാശത്തില്‍ നിന്നു
മഴയോ,മഞ്ഞോ അല്ല-
മറ്റെന്തോ കൊഴിഞ്ഞു വീഴുന്നുണ്ട്‌.

ആരോടോ,എന്തോ പറയുവാനുണ്ട്‌
കേള്‍ക്കുവാനുണ്ട്‌!

സിഗരറ്റുകുറ്റികള്‍ക്കും
അഴുക്കൂകൂനയ്ക്കും
കാലടിപ്പാടുകള്‍ക്കുമിടയില്‍
എന്തോ തിരയുന്നുണ്ട്‌...

ശവഘോഷയാത്ര പോലെ
നിരങ്ങിനീങ്ങുന്ന വാഹനങ്ങള്‍ക്കിടയില്‍,
കല്ലു പാകിയ വഴിയുടെ
ആഴമുള്ള വിഴുപ്പുകളില്‍,
തെന്നിയോടുന്ന മുഖങ്ങളുടെ
ഒഴുകിപ്പരക്കുന്ന നിറങ്ങളില്‍.

ചിലപ്പോള്‍,എന്നെ ഞാന്‍-
ദിദി എന്നു വിളിച്ചു;
ചിലപ്പോഴൊക്കെ ഗോഗൊയെന്നും!

ഒറ്റയ്ക്കല്ല,ഉറപ്പുണ്ട്‌
രണ്ടു പേരുണ്ട്‌
ഞാന്‍,ദിദിയും,ഗോഗോയും...
നഗരമുണ്ട്‌, പാതയോരമുണ്ട്‌
വെറിയും,അഴുക്കുമുണ്ട്‌...

ആരോടോ എന്തോ പറയുവാനുണ്ട്‌
കേള്‍ക്കുവാനുണ്ട്‌...
ഞാന്‍,ഗോദോയെക്കാത്ത്‌ !


***ദിദിയും,ഗോഗോയും സാമുവല്‍ ബെക്കറ്റിന്റെ ഗോദോയെക്കാത്ത്‌ എന്ന നാടകത്തിലെ കഥാപാത്രങ്ങള്‍


 

 
0വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007