കവിത: ഒരു ഉപപാഠപുസ്‌തകം
Nov 25, 2007

അടുത്ത കൂട്ടുകാര്‍
അകന്നുപോവുന്നതില്‍
ചരിത്രത്തിന്‌റെ വ്യാഖ്യാനങ്ങളുണ്ട്‌.

ക്ളാസ്സുമുറിയുടെ
ചതുരവടിവുകളിലും,
കളിപ്പറമ്പിന്‌റെ
തെറ്റിപ്പരന്ന അതിരുകളിലും
വരച്ചെടുക്കുന്നത്‌
നിയമം തെറ്റിച്ചും സമയം തെറ്റിച്ചും
കോറിവരഞ്ഞു പോവുന്നതിന്‌റെ
ചരിത്രാഖ്യാനം!

അ-യില്‍ നിന്നു ആ-യിലേക്കുള്ള ദൂരം
എന്നും മറന്നു പോകാറുള്ള മാമത്‌,
അഭ്യാസിയെപ്പോലെ
ആനപ്പുറത്തു കയറി
ചന്ദനക്കുടം നേര്‍ച്ച ചുറ്റുന്നത്‌
അക്ഷരത്തിലാക്കുവാനാവാതെ
നില്‍ക്കുമ്പോള്‍,
മാമതേ... ഇതെങ്ങിനാടാ...
എന്നത്ഭുതം ആനപ്പുറമേറുമ്പോള്‍,
ആനയോളം വലുതായി
തല കുലുക്കി,ചിന്നം വിളിച്ച്‌
ആറാംക്ളാസ്സില്‍ രണ്ടു കൊല്ലമിരുന്ന്‌
മാമത്‌, ക്ളാസ്സും,കളിപ്പറമ്പും
വിട്ടുപോയപ്പോള്‍
അന്തോണിമാഷ്‌ ക്ളാസ്സില്‍
ചരിത്രം പഠിപ്പിക്കുകയായിരുന്നു.

എട്ടാംക്ളാസ്സിലാണ്‌,
രമേശന്‍ കൂട്ടുകാരനായത്‌
ക്ളാസ്സിലൊന്നാം ബെഞ്ചിലൊന്നാമന്‍
അക്ഷരക്കൂട്ടിലൊളിച്ചും
അക്കപ്പെരുക്കത്തിലൂഞ്ഞാലാടിയും,
കളിപ്പറമ്പിലൊറ്റയ്ക്കിരുന്നവന്‍
കാറ്റിലും കാറ്റിനെത്തൊടാതെ
കൂട്ടിലും കൂട്ടുകൂടാതെ
രമേശാ...നീയൊന്നുറക്കെച്ചിരിക്കെടാ...
എന്നു കുലുക്കിയുണര്‍ത്തുമ്പോഴും
കുലുങ്ങാതെ,കിലുങ്ങാതെ... !
പത്താംക്ളാസ്സിലുയര്‍ന്നു പറന്ന്‌
അകലേക്കെവിടേക്കോ
യാത്ര പോലും പറയാതെ
രമേശനെന്ന കൂട്ടൂകാരന്‍.

ഓട്ടോഗ്രാഫിലൊന്നും അവനെഴുതിയില്ലല്ലൊ,
കാണാമെന്നോ...മറക്കല്ലേന്നോ...

വിജയകൃഷ്നനെന്‌റെ പ്രീഡിഗ്രിക്കൂട്ട്‌
ക്ളാസ്സിനുപുറത്തു പാഠം
കളിക്കളത്തിനു പുറത്തു കളി
പ്രേമത്തിനാകാശം
അക്ഷരത്തിനായിരം നാവ്‌.

കുന്നിറങ്ങിപ്പോരുമ്പോള്‍
ടാ...കാണാം ട്ടോ... എന്നു
കൈവീശിയകലുമ്പോള്‍
കൊണ്ടതും,കൊടുത്തതും കുന്നോളം...

യാത്ര ചൊല്ലിയും,ചൊല്ലാതെയും
അകന്നു പോയ കൂട്ടുകാരെത്ര...
മറന്നു പോയവര്‍
മാഞ്ഞു പോയവര്‍

അടുത്ത കൂട്ടുകാര്‍
അകന്നുപോവുന്നതില്‍
ചരിത്രത്തിന്‌റെ വ്യാഖ്യാനങ്ങളുണ്ട്‌
തിരഞ്ഞുപോയാല്‍
കണ്ടുകിട്ടുന്ന അസ്ഥിത്തറകള്‍
കുടക്കല്ലുകള്‍
മുനിമടകള്‍
ആനയുടെ വാരിയെല്ല്‌

അരങ്ങിലെ ആട്ടമഴിച്ച്‌
അഴിഞ്ഞാടിയ മുരുകന്‌റെ ശിരസ്സ്‌,
അക്ഷരങ്ങളിലും,വര്‍ണ്ണങ്ങളിലും
രൂപപരിണാമം വന്ന
ഉദയശങ്കറിന്‌റെ നീണ്ടതാടി,
ജോസിന്‌റെ-
പ്രതിഭാഷയുടെ മഷിപ്പാടുകള്‍,
സാമ്പത്തികശാസ്ത്രത്തില്‍ നിന്നു
വാര്‍ത്താമേശയില്‍ വന്നുപതിച്ച
വാസുദേവന്‌റെ പഴയ പേന

അടുത്ത കൂട്ടുകാര്‍
അകന്നുപോവുന്നതില്‍
ചരിത്രത്തിന്‌റെ വ്യാഖ്യാനങ്ങളുണ്ട്‌.


 

 
2വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007