കുപ്പായം
Dec 3, 2007
എന്തേ നീയെനിക്കീ-
കുപ്പായം സമ്മാനിക്കുവാന്‍?
അണിഞ്ഞൊരുങ്ങിയും
ഒരുക്കത്തിലൊതുങ്ങി
വിയര്‍ത്തു നനഞ്ഞൂരി മാറ്റു-
മോരോ കുപ്പായവും
ഇണങ്ങാതിടയുന്നുവോ...
നിറം വാര്‍ന്നു വിളറിയോ
മുഖവും,മേലാകെയും... ?
ചുംബനച്ചൂരായ്‌
മാഞ്ഞുപോകുന്നുവോ,
കോണും, ചതുരവും
ഗണിതം കലഹിക്കും കള്ളികള്‍.
പുള്ളികള്‍,വര്‍ണ്ണങ്ങള്‍
പ്രണയം നിവര്‍ത്തിയ
ശരീരാസക്‌തികള്‍
നിറം പാകി,നനച്ചു
പലനിറമില വിരിയുവാന്‍
കണ്ണാടി നോക്കി കയര്‍ത്തു
പൊട്ടിപ്പോയ കുടുക്കുകള്‍
നെഞ്ചോടടക്കി പിടിച്ചും
ഉള്ളില്‍ വെന്തു ദഹിച്ചും
മടിശ്ശീലയുപേക്ഷിച്ചിറങ്ങിയ കീശകള്‍...
അറ്റം വളയാതെ
തേച്ചു നിവര്‍ത്തിയ
കോളറും, മുഖവും!
മുട്ടോളം മുറിച്ച കൈയിലും
മുഴുക്കൈയിലും
ചോര്‍ന്നുപോവാതെ
കൂട്ടിപ്പിടിച്ച ജീവിതം...
അണിഞ്ഞഴിച്ചെറിഞ്ഞ
കുപ്പായങ്ങള്‍:
കീറിപ്പോയതും
മടക്കുനിവരാത്തതും
പാകമാവാതുപേക്ഷിച്ചതും
എവിടെയെന്നു കാണാതെ പോയതും...
എന്തേ നീയെനിക്കീ-
കുപ്പായം സമ്മാനിക്കുവാന്‍?
നിറഭേദത്തിലൊളിപ്പിച്ചു
പുത്തനാക്കുവാനോ,
പുത്തന്‍കുപ്പായത്തിലേകനാക്കി
മാറിപ്പോയെന്നു-
മറഞ്ഞിരുന്നോതുവാനോ?


 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007