വിപരീതം
Dec 6, 2007


പ്രഭാതത്തോടൊപ്പം
അവള്‍ തന്നയച്ച കഞ്ഞിയില്‍
കരഞ്ഞു കൊഴിഞ്ഞ
രണ്ടു കണ്ണുകളുണ്ടായിരുന്നു.
തൊട്ടുകൂട്ടുവാനുള്ള അച്ചാറില്‍
ഉപ്പിലും,എരിവിലും തപസ്സിരുന്ന്‌
രക്തവും മാംസവും വറ്റിപ്പോയ
കണ്ണിമാങ്ങ...

ഒഴിഞ്ഞ വയര്‍,
രുചിയുടെ നാവു തിരയുന്നില്ല.
തൊട്ടുകൂട്ടി,കുടിച്ചു വറ്റിക്കുമ്പോള്‍
പ്രണയമോ കാമമോ അല്ല,
കുടിച്ചു തീര്‍ക്കണമെന്ന
ജ്വരബാധിതമായ പകല്‍ മാത്രം!

അവള്‍ക്കുമതറിയാം,
ഒരു വറ്റുപോലും ബാക്കിയാവാതെ
ഒഴിഞ്ഞ പാത്രം കഴുകി
നനഞ്ഞ കൈകള്‍
പുണര്‍ന്നു പകരുമ്പോള്‍
കൊഴിഞ്ഞ കണ്ണുകള്‍
തിരിച്ചു കിട്ടുകയാണ്‌;
ചുംബനത്തില്‍ അടച്ചു വെച്ച
അച്ചാറിന്‌റെ ചുവ!

അരി മാറ്റണം
വെന്തു തീരുവാന്‍ എത്രനേരം,
എന്താണൊരു മടുപ്പിക്കുന്ന മണം,
നിറപ്പകര്‍ച്ച...
നാട്ടിലേക്കു വിളിച്ചറിയിച്ച രാത്രിയില്‍
ഉല്‍ക്കണ്‌ഠയില്ലാതെ
അവള്‍ തെളിഞ്ഞുറങ്ങി.
പുഞ്ചനെല്ലിന്‌റെ മണമായി-
മാറിയവള്‍,
ചുണ്ടുകളില്‍
പാല്‍ക്കതിരിന്‌റെ രുചി,
കിടക്കവിരിയില്‍ പരന്ന
മുടിയിഴകളില്‍
കിഴക്കന്‍ കാറ്റിന്‌റെ സൌമ്യത,
മൂക്കിന്‍തുമ്പിലേക്കിറ്റി വീണ
ചാറ്റല്‍ മഴത്തുള്ളി...

പുഞ്ചക്കോളിന്‌റെ-
കൊയ്‌ത്തും,മെതിയുമടങ്ങി
അവള്‍,പിടഞ്ഞുണര്‍ന്നതോ,
അടുക്കളയിലേക്കോടിയതോ,
ബാല്‍ക്കണിയില്‍
നനച്ചു വളര്‍ത്തിയ
പയറിനും,മുളകിനും,
തക്കാളിക്കുമിടയിലെ
നേര്‍ത്ത പച്ചയില്‍
വീണുറങ്ങിപ്പോയതോ
ഞാനറിഞ്ഞില്ല!


 

 
2വായന:
  • Blogger നസീര്‍ കടിക്കാട്‌

    അരി മാറ്റണം
    വെന്തു തീരുവാന്‍ എത്രനേരം,
    എന്താണൊരു മടുപ്പിക്കുന്ന മണം,
    നിറപ്പകര്‍ച്ച...

     
  • Blogger lost world

    ഇത്രയും മനോഹരമായ കവിത ആരും കാണാതെ പോയതോ...
    നസീര്‍ ഇതൊരു ഒന്നൊന്നരക്കവിതയാണ്...

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007