രണ്ടുപേര്‍ക്കിടയില്‍
Jan 11, 2008
കാണുമ്പോള്‍

ഒരാള്‍,ഒരാളെ കണ്ടുമുട്ടുന്നത്‌
വഴിവക്കിലോ
നഗരത്തിരക്കിലോ അല്ല;
കണ്ണുകളിലാണ്‌.

എന്നിട്ടും,
എത്ര കുഴിച്ചു പോയാലും
കണ്ണില്‍,
ഒരു കൃഷ്ണമണിയുടെ ജലജീവിതമല്ലാതെ
ഒരാളേയും കണ്ടെത്താനാവില്ല.

നോക്കുമ്പോള്‍

ഒരാള്‍ ഒരാളെ നോക്കുന്നത്‌
കണ്ണുകൊണ്ടല്ല;
ഓര്‍മ്മകളാലാണ്‌.

ഓര്‍മ്മയില്‍ തിരഞ്ഞു പോയാല്‍
മുഖം മാഞ്ഞ അവയവങ്ങളല്ലാതെ
ഒരു മുഖവും
പുണര്‍ന്നു ചുംബിക്കാനാവില്ല.

സംസാരിക്കുമ്പോള്‍

ഒരാള്‍,ഒരാളോടു സംസാരിക്കുന്നത്‌
വാക്കുകള്‍ നിറച്ചല്ല;
നിഴല്‍ പരത്തിക്കൊണ്ടാണ്‌.

എത്ര വകഞ്ഞു മാറ്റിയാലും
ഒഴുകിപ്പോവാത്ത നിഴല്‍ക്കറുപ്പില്‍
ഒരു വാക്കും വെളുത്തു കിട്ടില്ല,
എടുത്തു വെക്കാനുമാവില്ല.

പിരിയുമ്പോള്‍

ഒരാള്‍,ഒരാളോടു യാത്രയാവുന്നത്‌
കൈവീശിക്കൊണ്ടല്ല;
ആഴക്കടലില്‍ മുക്കിയിടുന്ന
കപ്പല്‍ കൊണ്ടാണ്‌.

ജലച്ചുഴികളില്‍ തപ്പിയാല്‍
കപ്പലോട്ടമോ,
സഞ്ചാരരേഖയോ
വീണ്ടെടുക്കാനാവില്ല.


 

 
4വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007