പുലരും മുമ്പെ മഴ പെയ്തു,ഞാന്‍ കണ്ടില്ല
Jan 12, 2008
ആദ്യം മഴ


എവിടെ ഒളിഞ്ഞിരുന്നു കരഞ്ഞാലും
ഈ തവളപ്പൊത്ത്‌
എനിക്കു കണ്ടു പിടിക്കുവാനാകും;
ഇരുണ്ടുരുണ്ടു കൂടുന്ന വീടുകളില്‍
കൈതിരുമ്മി, ചുരുണ്ടിരിക്കുന്നത്‌
കൈയെത്തിപ്പിടിക്കുവാനാകും!

നനഞ്ഞ റോഡില്‍
പുഴ കരകവിയുന്നതും,
ഒഴുക്കു മുറിച്ച്‌
പരല്‍മീന്‍ പായുന്നതും,
ഒറ്റയ്ക്കൊരു മരപ്പെയ്ത്തിനടിയില്‍
തൊടി തഴച്ചു വളരുന്നതും...

പുലരും മുമ്പെ,
ഉണരും മുമ്പെ
മഴ പെയ്തു തീര്‍ന്നുവല്ലൊ!


പിന്നെ മഴ


നീ പറയ്‌,
വാതില്‍ക്കല്‍
അകച്ചൂടിലേക്ക്‌ ചുരുണ്ടുറങ്ങുന്ന
പൂച്ചേ,പറയ്‌...
പുലരും മുമ്പെ കണ്ടുവോ,
തുള്ളിത്തുള്ളിയായോ
ആര്‍ത്തു വിളിച്ചോ
തൊട്ടു തലോടിയോ?

കുടയെടുത്തോ
കുളം നിറഞ്ഞോ
പകലിരുട്ടില്‍-
പനിച്ചു കിടന്നോ?

മിണ്ടില്ല
കരയില്ല,നീ...

മ്യാവൂ... മ്യാവൂ എന്നെങ്കിലും
എന്‌റെ ചുട്ടുപൊള്ളുന്ന ശരീരത്തില്‍
നിനക്കൊന്നു മുട്ടിയുരുമ്മരുതോ...

എനിക്കും,
പെയ്തു നിറയുവാന്‍;
തോര്‍ന്നു തീരുവാന്‍!


 

 
4വായന:
  • Blogger നസീര്‍ കടിക്കാട്‌

    ഇന്നു പുലര്‍ച്ചെ
    ഞാനുണരും മുമ്പെ
    അബൂദാബിയില്‍ മഴ പെയ്തു.

     
  • Blogger നജൂസ്‌

    നനഞ്ഞ റോഡില്‍
    പുഴ കരകവിയുന്നതും,
    ഒഴുക്കു മുറിച്ച്‌
    പരല്‍മീന്‍ പായുന്നതും,
    ഒറ്റയ്ക്കൊരു മരപ്പെയ്ത്തിനടിയില്‍
    തൊടി തഴച്ചു വളരുന്നതും...

    കടിക്കാട്ടേക്ക്‌ കൂട്ടികൊണ്ടുപോയി ഒപ്പം ബാല്യത്തിലേക്കും.....

    നന്മകള്‍

     
  • Blogger ശെഫി

    ഇന്നലെ ഇവിടെ പെയ്ത മഴയുടെ തുള്ളി എന്റെ മുഖത്ത്‌ പതിച്ചപ്പോള്‍ ഞാനും ഓര്‍ത്തു ഈ കാഴ്ചകളൊക്കെ

     
  • Blogger പ്രിയ ഉണ്ണികൃഷ്ണന്‍

    നല്ലൊരു മഴയുടെ നനുത്ത ഓര്‍മ്മകള്‍

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007