ഒരു കടലിനെ കരകയറ്റേണ്ടതുണ്ട്‌
Feb 2, 2008
ഒരു മഴുവേറു കൊണ്ട്‌
കര കയറ്റുവാനാവില്ല,
ഈ കടലിനെ.

ഉപ്പ്‌ വാര്‍ത്തെടുത്ത്‌,
പാകം ചേര്‍ത്ത്‌
അന്നം പകുക്കേണ്ടതുണ്ട്‌;
തിന്നുതന്നെ തീരണം
ഉപ്പത്രയും!

കുടിച്ചുതീരാത്ത
ജലത്തിന്‌റെ ആഴം
ആകാശത്തിന്‌റെ ഓര്‍മ്മകള്‍ക്കു
തിരിച്ചു കൊടുക്കേണ്ടതുണ്ട്‌;
പെയ്തുതീരണം
ഓരോ ജലസ്പര്‍ശവും!

ഉപ്പുയിരില്‍ നിന്നുണര്‍ത്തി,
ചെതുമ്പലുകളില്‍ ചിറകുവിതച്ച്‌
കാടുകളിലേക്കു പറത്തിവിടേണ്ടതുണ്ട്‌,
മത്സ്യങ്ങളെ.
മരക്കൊമ്പുകളില്‍ ചിറകൊതുക്കുന്ന
കൂറ്റന്‍ മത്സ്യങ്ങള്‍,
ഇലകളില്‍ വെയില്‍ കായുന്ന
ചെറുമീനുകള്‍...
വന്യഗന്ധങ്ങളില്‍ പറന്നുതീരണം
മത്സ്യജീവിതമാകെയും!

മുങ്ങിപ്പോയ വള്ളങ്ങളും,
വലയും,വള്ളക്കാരും
അവയുടെ സ്വപ്നങ്ങളിലേക്കു
തിരിച്ചു നടക്കണം.
നാട്ടുവഴി പിന്നിട്ട്‌ വീട്ടിലേക്കു
വള്ളം തുഴഞ്ഞു പോവേണ്ടതുണ്ട്‌;
എല്ലാ മുറിയിലും
വലയെറിയേണ്ടതുണ്ട്‌!
ഇര തേടിത്തീരണം
ഓരോ യാനവും!

കടലിനെ കരയിലേക്കെടുക്കുമ്പോള്‍
എന്തു വിളിക്കും,
കരയെന്നോ,
കടലെന്നോ?


 

 
6വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007