മുഖം വരയ്ക്കുവാനുള്ള ശ്രമം
Feb 8, 2008
കണ്ണ്‌

കണ്ണ്‌,
കരഞ്ഞോടുന്ന കുട്ടി.
നിര്‍ത്താത്ത കരച്ചിലില്‍
ബാല്യം നനച്ചിടുന്നു,
കണ്ണു രണ്ടും.

എത്ര സൂക്ഷിച്ചു നോക്കിയിട്ടും
വരച്ചു തുടങ്ങിയിട്ടും
ഒരു നിറവുമാവാതെ
ഒരാള്‍ ഓടിപ്പോയതിന്‌റെ ഏകാന്തത...

ഇടയ്ക്ക്‌
എന്നെ കണ്ടു
അച്‌ഛനെ കണ്ടു
അച്‌ഛന്‌റച്‌ഛനെ കണ്ടു!

അയല്‍ക്കാരന്‌റെ
ക്ളാസ്സ്‌ടീച്ചറുടെ
വസ്തുവില്‍പനക്കാരന്‌റെ....

തോന്നിയതാവും,
ഓര്‍മ്മ മറിഞ്ഞതാവും.

പിന്നെയും നോക്കി,
വരയ്ക്കുവാന്‍
കണ്ണില്‍ നിറയെ കണ്ണുകള്‍....
മീന്‍ വള്ളം പോലെ!

വരയ്ക്കുവാനാവില്ല,
കണ്ണുകളില്‍ തടഞ്ഞു വീഴാത്ത കണ്ണ്‌

മൂക്ക്‌

കണ്ടപ്പോള്‍,
തൊട്ടുനോക്കാന്‍
ഉമ്മ വയ്ക്കാന്‍...
മൂക്കില്‍ നിന്നു മൂക്കിലേക്കൊരു മണം
ശ്വാസം പുണര്‍ന്നമര്‍ത്തുന്ന സ്നേഹം.

മനം മയക്കുന്നതെന്ന്‌ ,
നെല്ലിന്‌റെ
ഓലപീപ്പിയുടെ
അമ്മയുടെ
അമ്മേടമ്മയുടെ!

തിന്നു മടുത്തതിന്‌റെ
സമ്മാനം കിട്ടിയതിന്‌റെ
സ്വപ്നങ്ങള്‍ വിയര്‍ത്തുണര്‍ത്തിയതിന്‌റെ...

ഇല്ല
മൂക്കു തിരഞ്ഞതാവും
ഓര്‍മ്മ മണത്തതാവും...

വരച്ചു തുടങ്ങിയപ്പോള്‍
പലതരം മണം പറത്തുന്ന പുകക്കുഴല്‍
പല നിറങ്ങളില്‍ പുക നിറയുന്ന ആകാശം...

വരയ്ക്കുവാനാവില്ല,
മണമൊഴിഞ്ഞ മൂക്ക്‌

ചുണ്ട്‌

ആദ്യം ചുണ്ടില്‍
ഒരു ചെറുചിരി
തിരിച്ചൊരു ചിരി, ഞാനും.

പ്രണയമോര്‍ത്തു ചിരി പൊട്ടി.
ചുണ്ടിലൊരു മുറിവ്‌
ചോരക്കയ്പ്‌
ചുവപ്പു കൊണ്ട്‌ വരച്ചെടുക്കുമ്പോള്‍
വിളറിയും, വിണ്ടു കീറിയും
കുതറുന്ന ചുംബനം...

തൊട്ടു നോക്കിയപ്പോള്‍,
കൊഴിഞ്ഞു വീണത്‌
വാടിക്കിടന്നത്‌
വറ്റിയുണങ്ങിയത്‌!

പ്രണയം പൊള്ളിയതാവും
ഓര്‍മ്മ കരിഞ്ഞതാവും....

ചുണ്ടിന്‌റെ വരയിഴകളില്‍
ആരോ ചുണ്ടമര്‍ത്തുന്നു
ആരൊക്കെയോ ചുണ്ടുകളമര്‍ത്തുന്നു!

വളര്‍ത്തുപൂച്ച
പേ വന്നു ചത്ത നായ
കൊതി പിടിച്ച മുയല്‍
കുളം നനഞ്ഞ തവള...

വരയ്ക്കുവാനാവില്ല,
ചുണ്ടുകള്‍ കൊണ്ടു പൊതിയാത്ത ചുണ്ട്‌

ചെവി

ചെവി,
ചെവിയോടു ചേര്‍ക്കുമ്പോള്‍
ശബ്ദം ശബ്ദമില്ലാതെ വരും.

നിശ്ശബ്ദതയില്‍,
മറുചെവിയറിയാതെ പറഞ്ഞിട്ടതും
ശബ്ദത്തേക്കാള്‍ ശബ്ദത്തില്‍
വിളിച്ചു പറഞ്ഞതും
ഏതു നിറം പകര്‍ത്തിയെടുക്കും?

ആരും കേള്‍ക്കാതെ
എങ്ങോട്ടോ ചിതറിപ്പോയ
ശബ്ദത്തിന്‌റെ ചെവി...

എന്‌റെ സ്വരം കേട്ടു
മരിച്ചു പോയൊരാളുടെ ശബ്ദം
ഓര്‍മ്മയില്‍ പോലുമില്ലാത്തൊരാളുടെ ശബ്ദം!

ടെലിഫോണില്‍ തെറ്റിവന്നതിന്‌റെ
പിന്നില്‍ നിന്നു തോണ്ടിയതിന്‌റെ
ചെവിയടച്ചാര്‍ത്തലച്ചതിന്‌റെ...

കേട്ടു മറന്നതാവും
മറന്നതറിയാതെ ശബ്ദമുയര്‍ന്നതാവും.

വരയ്ക്കുവാനാവില്ല,
ശബ്ദങ്ങളില്‍ നിന്നു മോചിപ്പിക്കപ്പെട്ട ചെവി

ഈ മുഖം എനിക്കു വരയ്ക്കുവാനാവില്ല;
ഒരു വര പോലും വരയ്ക്കുവാനാവില്ല!


 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007