ഭൂമിയിടപാടുകള്‍
Mar 23, 2008
പല വഴിക്ക്‌
മതിലുകള്‍
പടി കയറി വന്നു
.

പല വഴിക്ക്‌
വഴികള്‍
പടിയിറങ്ങിപ്പോയി
.

കിഴക്കേതിലെ
ഭാസ്കരേട്ടന്‌റെ വീട്ടിലേക്ക്‌
പടിഞ്ഞാറും വടക്കും
ചുറ്റിത്തിരിഞ്ഞു പോകണം
.

ശങ്കുട്ടിയുടെ ചായക്കടയിലേക്ക്‌
രണ്ടു ബസ്സ്‌
മാറിക്കയറണം
.

അമ്മിണിചേച്ചിയുടെ കുളി കാണുവാന്‍
ഒട്ടേറെ മതിലുകള്‍
ചാടി കടക്കണം
.

പലചരക്കു കടയിലേക്കു കയറുവാന്‍
പല ഷട്ടറുകള്‍
തുറക്കണം
.

അവളെ കാത്തു നില്‍ക്കുവാന്‍
അടഞ്ഞ ഗെയ്റ്റിലെ
തുറന്നു വെച്ച കണ്ണുകള്‍
ഒളിക്കണം.
.

അങ്ങിനെയാണ്‌
തീന്‍മേശയില്‍ നിന്നു
കക്കൂസിലേക്കുള്ള
വഴി തെറ്റിയത്‌
.

കിടക്കവിരിയില്‍ നിന്നു
മരക്കൊമ്പിലേക്കുള്ള ദൂരം
പിഴച്ചത്‌
.

ഇരിപ്പിടത്തില്‍ നിന്നു
മുറ്റത്തേക്കുള്ള കാല്‍ വെപ്പ്‌
തെന്നിയത്‌
.

ഭാര്യയെ കെട്ടിപ്പിടിക്കുവാനും
കുട്ടികളെ കൊഞ്ചിക്കളിപ്പിക്കുവാനും
മറന്നത്‌
.

ഭാര്യ ചിരിക്കുവാനും
കുട്ടികള്‍ കളിക്കുവാനും
പാടില്ലാത്തവരായത്‌!
.

തപാല്‍ക്കാരനും
മീന്‍ കച്ചവടക്കാരനും
നാടോടിയും
അയല്‍ക്കാരനും
വരാതായത്‌...
.

എന്നും,
വാതില്‍ തുറക്കുമ്പോള്‍
ഉപേക്ഷിക്കപ്പെട്ട ശരീരം പോലെ
പത്രം കാത്തു കിടക്കുന്നത്‌!


 

 
3വായന:
 • Blogger നസീര്‍ കടിക്കാട്‌

  ഭൂമി മുറിച്ചു മുറിച്ചു വില്‍ക്കാം

  ഓരോ മുറിയിലും വീട്‌

  ഓരോ വീട്ടിലും

  മുറിച്ചു വെച്ച ജീവിതവും...

  ഹാാ!

   
 • Blogger വിഷ്ണു പ്രസാദ്

  നസീര്‍,നല്ലൊരു വിഷയത്തെ കവിതയില്‍ കൊണ്ടുവന്നു...
  ഈ ടെമ്പ്ലേറ്റ് കണ്ട് കൊതിയാവുന്നു...
  ഞാന്‍ പറഞ്ഞത് മറക്കല്ലേ... :)

   
 • Blogger സുല്‍ |Sul

  നസീര്‍
  നന്നായിരിക്കുന്നു.
  -സുല്‍

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007