അലാറം
Apr 1, 2008
തൊട്ടു വിളിക്കുമോ നിങ്ങളെന്നെ
.
അപ്പുറത്തിപ്പുറത്തോരോ
വീടു കെട്ടി,
കെട്ട വിളക്കൂതിയുറങ്ങും
കൂട്ടുകാരേ...
.
ഉണരുവാന്‍ നേരമായെന്നു
അലാറം,
അലറിപ്പാഞ്ഞു വരും.
രാത്രിയിലിരുട്ടില്‍
പണി കഴിപ്പിച്ച വീടുകള്‍
വെളിച്ചത്തില്‍ തകര്‍ന്നു
പൊള്ളും മണലായി മാറും.
.
മുറ്റത്തെ പേര മരത്തിന്‍ മണം മായും
തെക്കേയതിരിലെ
പുളിമരത്തണലാരോ
മടക്കിക്കെട്ടി മടങ്ങും.
.
മുറ്റമടിച്ചു നനയ്ക്കുവാനെത്തുന്ന
കാളിത്തള്ളയെ
വരും വഴിക്കൊരു പരുന്ത്
കൊത്തിയെടുത്ത്
പറന്നു പോവും!
.
കൂവിയുണര്‍ത്തും മുമ്പെ
കോഴികള്‍
വെന്തു തിളച്ചു
മണം പരത്തും
.
ആദ്യത്തെ ബെല്ലിനോടൊപ്പം
ക്ലാസിലേക്കോടുന്ന വഴി
മതിലു കെട്ടി
മുറിഞ്ഞു പോകും!
.
അമ്മ വിളിക്കുമെന്നോര്‍ത്തു
ഉറക്കം ഉറക്കത്തെ
കെട്ടിപ്പിടിച്ചുറങ്ങുമ്പോള്‍
തൊട്ടു വിളിക്കുമോ നിങ്ങളെന്നെ,
കെട്ട വിളക്കൂതിയുറങ്ങും
കൂട്ടുകാരേ...
.
ഉറങ്ങാതെ
കാവലിരുന്നു മിടിക്കും അലാറം
വിളിച്ചുണര്‍ത്തുമ്പോള്‍
തൊണ്ടയില്‍
തടഞ്ഞു തേങ്ങുന്നൂ, അത്താഴം
.
ഇരുട്ടില്‍ ആരും കാണാതെ
അടയാതെ കണ്ണുകള്‍
.
പടിയിറങ്ങുമ്പോള്‍
വിറച്ചു
വാരിപ്പിടിച്ച വാതില്‍...
.
ഉണരുവാന്‍ നേരമായെന്നു
അലാറം
അലറിപ്പാഞ്ഞു വരും
.
നേരമില്ല,
കൂനിപ്പിടിച്ചിരിക്കുവാന്‍,
പനിയെന്നു
പാതി നുണയോതി
മടി പിടിക്കുവാന്‍,
മലക്കം മറിഞ്ഞു കുളിക്കുവാന്‍...
.
അപ്പുറത്തിപ്പുറത്ത്
കൂട്ടുകാരില്ല
വിളിപ്പുറത്തില്ല,
വീടുകളൊന്നും!


 

 
3വായന:
 • Blogger നസീര്‍ കടിക്കാട്‌

  അലാറത്തിനായി
  കാതോര്‍ത്തു കിടക്കുമ്പോള്‍,
  എല്‍.കെ.ജി ക്കാരന്‍ മകന്
  കാലത്തുണരുവാന്‍
  ഒരലാറം വാങ്ങിക്കൊടുക്കുമ്പോള്‍...

   
 • Blogger പ്രിയ

  അമ്മ വിളിക്കുമെന്നോര്‍ത്തു
  ഉറക്കം ഉറക്കത്തെ
  കെട്ടിപ്പിടിച്ചുറങ്ങുമ്പോള്‍
  തൊട്ടു വിളിക്കുമോ നിങ്ങളെന്നെ,
  കെട്ട വിളക്കൂതിയുറങ്ങും
  കൂട്ടുകാരേ...  :)

   
 • Blogger Rare Rose

  നേരമില്ല,
  കൂനിപ്പിടിച്ചിരിക്കുവാന്‍,
  പനിയെന്നു
  പാതി നുണയോതി
  മടി പിടിക്കുവാന്‍,
  മലക്കം മറിഞ്ഞു കുളിക്കുവാന്‍...
  ഒരുപാടിഷ്ടപ്പെട്ടു ഈ കുഞ്ഞു വരികള്‍...എല്ലാം മറഞ്ഞുപോകുമ്പോള്‍ നേരം ഒന്നിനും തികയില്ലല്ലോ...

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007