പാഞ്ഞു പോവുന്നത്‌ കാറോ,കാറ്റോ...
Apr 8, 2008
കാറിലായിരുന്നു യാത്ര
നിയന്ത്രണമില്ലാതെ,
കാറ്റിനെ ഇടിച്ചുവീഴ്‌ത്തി കൊണ്ട്‌

പല ദൃശ്യകോണുകളുള്ള
വാര്‍ത്താചിത്രങ്ങളായി
ഇടിയേറ്റു വീഴുന്ന കാറ്റ്‌

ഒറ്റയിടിക്കു നിശ്ചലമാവുന്നത്‌
പിടയുന്നത്‌
അകലേക്കു തെറിച്ചു പോവുന്നത്‌
ഓടിയോടി കുഴഞ്ഞു വീഴുന്നത്‌...

പല ഓര്‍മ്മകളുള്ള
നിലവിളിയായി
രക്തം വാര്‍ന്നു ശൂന്യമാവുന്ന കാറ്റ്‌

ഒറ്റ തേങ്ങലില്‍
നെഞ്ചില്‍ മുഖം പൊത്തുന്ന കുറുകലില്‍
ഉറക്കത്തിലേക്കു നീളുന്ന അലമുറയില്‍
പിടിച്ചു വെക്കാനാവാത്ത കണ്ണീരടര്‍ച്ചയില്‍...

കാറിലായിരുന്നു യാത്ര
വിലങ്ങനെ വന്നത്‌;
വന്നു നിന്നതോ,
കിടന്നതോ കാറ്റ്‌?

യാത്രയാണ്‌,
ഒരു പൂച്ച പോലും
കുറുകെ ചാടരുത്‌...

എന്നിട്ടും,
കാറ്റ്‌ മുമ്പില്‍ !

ഇടിച്ചു വീഴ്‌ത്തുക തന്നെ;
കൈയും,കാലുമില്ലാതെ
തലയോടു പൊട്ടി
ബോധം പിഴച്ച്‌

ആശുപത്രി മുറികളില്‍
മരുന്നുകള്‍ക്കിടയില്‍
ഓപ്പറേഷന്‍ തിയേറ്ററില്‍
കോമയില്‍
മോര്‍ച്ചറിയില്‍...

ഭാഗ്യം,
കാറിന്‌ ഒന്നും പറ്റിയില്ലല്ലൊ!


 

 
3വായന:
  • Blogger നസീര്‍ കടിക്കാട്‌

    കാറിലായിരുന്നു യാത്ര
    നിയന്ത്രണമില്ലാതെ,
    കാറ്റിനെ ഇടിച്ചുവീഴ്‌ത്തി കൊണ്ട്‌ ...

     
  • Blogger Unknown

    കാറ്റെ നീ വീശരുതിപ്പോള്‍ കാറെ നീ പെയ്യരുത് ഇപ്പോ........................................................?

     
  • Blogger ഫസല്‍ ബിനാലി..

    കൊള്ളാം, നല്ല കവിത, ആശംസകള്‍

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007