ഭൂമിയില്‍ നടക്കുന്നത്‌
Apr 19, 2008


ഞാനും മക്കളും നടക്കുവാനിറങ്ങിയതായിരുന്നു
മക്കളോടൊപ്പം പലതും പറഞ്ഞ്‌
നടന്നുപോവുന്ന അച്ഛനെന്നൊരാള്‍
ഭൂമിയുടെ വരമ്പിലുണ്ടായിരുന്നു.

വരമ്പിന്‌ ഇരുപുറം വയലുകളും,
വയലുകള്‍ക്ക്‌ ഇരുകരയിലും മരങ്ങളും,
മരങ്ങള്‍ക്കിടയില്‍ വീടുകളും,
വീട്‌ നിറയെ അച്ഛനും മക്കളും!

വരമ്പില്‍ തെന്നുന്ന കാലടികളിലും
വയലില്‍ കവിയുന്ന പച്ചയിലും
മരക്കൊമ്പിലെ കിളിക്കൂടുകളിലും
മുറിയിലും മുറ്റത്തും
അമ്മയുണ്ടായിരുന്നു!

ഞാനും മക്കളും നടക്കുവാനിറങ്ങിയതായിരുന്നു
മക്കളോടൊപ്പം പലതും പറഞ്ഞ്‌,
നടന്നു പോവുന്ന അച്ഛനാവണമായിരുന്നു

ഭൂമിയില്ലാത്തതിനാല്‍ വരമ്പിലൂടെയല്ല
വയലുകളില്ലാത്തതിനാല്‍ പച്ചയിലൂടെയല്ല
കരകളില്ലാത്തതിനാല്‍ മരങ്ങള്‍ക്കിടയിലൂടെയല്ല

വീട്ടില്‍ നിന്നിറങ്ങി
മറ്റൊരു വീട്‌ മുറിച്ചു കടന്ന്‌
പലതരം വീടുകള്‍ ചുറ്റി
വീടുകളില്‍ മുട്ടിയും,തടഞ്ഞും
പല വീടുകളെക്കുറിച്ചു പറഞ്ഞും....

അമ്മ എവിടെയാണോ ആവോ...
വീടുകള്‍ക്കുള്ളിലെ
തുറക്കാനാവാത്ത വീടുകളിലോ;
വീടുകള്‍ക്കിടയിലെ
നികത്താനാവാത്ത വീടുകളിലോ?


 

 
2വായന:
  • Blogger നസീര്‍ കടിക്കാട്‌

    ഞാനും നിങ്ങളെപ്പോലെ
    ഒരു വീടുപണിയെക്കുറിച്ച്
    ആലോചിക്കുകയ്യാണ്...

     
  • Blogger കുഞ്ഞന്‍

    നസീര്‍ ഭായ്..

    ഒരു കാലങ്ങളുടെ മാറ്റങ്ങള്‍ ഭംഗിയായും ലളിതമായും പറഞ്ഞിരിക്കുന്നു..!

    ആ വീട് ഒരു കൊട്ടാരമായി മാറട്ടെ, അതിനുള്ള സാമാഗ്രികള്‍ താങ്കളിലുണ്ട് ഇല്ലെങ്കില്‍ വന്നുചേരും..!

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007