എലിവേഷനില്‍ വീട്ടുകാരെക്കുറിച്ച്‌ ഒന്നും പറയുന്നില്ല
May 4, 2008
അങ്ങോട്ടുള്ള ജനല്‍പാളി
അടച്ചു പൂട്ടിയേക്കുക,
ആളുകള്‍ കൂട്ടംകൂടി നടക്കുകയും
ഓടിപ്പോവുകയും ചെയ്യുന്ന വഴിയാണ്‌.
അവരുടെ നാവും,നടപ്പും
ഏതു നേരത്തും കയറിവരും
ഭിക്ഷക്കാരിയുടെ കൈകള്‍
അഴികള്‍ക്കിടയിലൂടെ അകത്തേക്കു നീളും
എഴുന്നള്ളിപ്പിന്‌റെ ചെണ്ട
മുറികളില്‍ പാലക്കൊമ്പെടുത്തു തുള്ളും...

അപ്പുറത്ത്‌ കായ്ക്കുന്ന മാവ്‌
പറിച്ചു നടണം.
അവിടെ കുട്ടികളുടെ കല്ലേറ്‌
പക്ഷികളുടെ കൊട്ടും,പാട്ടും
കിടപ്പുമുറിക്ക്‌ അരുകിലാവുമ്പോള്‍
ഉറക്കം മുറിഞ്ഞു പോകും
മാമ്പൂവിന്‌റെ മണം
പുതപ്പിനുള്ളില്‍ കാടുപിടിക്കും.
ഇത്തിക്കണ്ണിയും ഉറുമ്പും
അരിച്ചരിച്ചെത്തും...

വറ്റാത്ത കുളം
പഴയ വീടിന്‌റെ മണ്‍കട്ടയും,മച്ചും നിറച്ച്‌
നികത്തിയെടുക്കണം.
മഴക്കാലമായാല്‍
ജലം നീന്തിക്കയറി വരും
അലങ്കാരച്ചെടികള്‍ക്കിടയില്‍
കുളവാഴകള്‍
കയറില്ലാതെ മേഞ്ഞുനടക്കും
അവയുടെ തണുപ്പിലൂടെ
മീന്‍ കണ്ണുകളും,തവള കുഞ്ഞുങ്ങളും
അതിഥികളായി വാതിലില്‍ മുട്ടും
ആദ്യം ആരാണ്‌ ചാടിച്ചാവുകയെന്ന്
കടവിലിരുന്ന് നാം കലഹിക്കും...


 

 
7വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007