കാലങ്ങള്‍ക്കു ശേഷം
May 9, 2008

പഴയതൊന്ന്‌ ഓടി കിതച്ചു വന്ന്
ചൂടാറ്റുവാന്‍
നഗരപ്രാന്തത്തില്‍
ബോണറ്റും തുറന്നിട്ടു കിടക്കുകയായിരുന്നു.

ഓര്‍മ്മകളുടെ വഴി
കിലോമീറ്ററുകളോളം താണ്ടി,
പഴയ റേഡിയോ
ട്യൂണ്‍ ചെയ്യുന്നതിനിടയില്‍
തെറിച്ചു വീണ
അന്യഭാഷാ ശബ്ദത്തിലേക്കാണ്‌
രണ്ടാമത്തെ വണ്ടി പാഞ്ഞു വന്നതും
ബ്രേക്കിട്ടു നിന്നതും...

ഒരു ചിത്രശേഖരത്തിലും
കാണാത്ത നിറത്തില്‍
ഒട്ടും കിതപ്പോ,വിയര്‍പ്പോ ഇല്ലാതെ!

സ്റ്റിയറിംഗിന്റെ തണുത്ത കൈകള്‍
പഴയ വണ്ടിയുടെ തോളില്‍
തൊട്ടു കുലുക്കി.

പഴയ വണ്ടിയുടെ ഹോണ്‍
ദീനമായി ശബ്ദിച്ചപ്പോള്‍
കാല്‍നടക്കാര്‍ ഞെട്ടി തിരിയുകയും,
ചിരി നിറച്ച്‌ നടന്നകലുകയും ചെയ്തു.

തുറന്നു കിടന്ന ബോണറ്റില്‍
നിന്നുയര്‍ന്ന പുകയില്‍
രണ്ടാമത്തെ വണ്ടി
ഒട്ടും ശബ്ദം കേള്‍പ്പിക്കാതെ
മുഖം പൊത്തി തുമ്മി,
ടയറുരുട്ടി, യാത്ര പോലും പറയാതെ
ഒറ്റ പോക്ക്‌...

ചൂടാറ്റുന്ന വണ്ടിയിലിരുന്ന്‌
ഞാന്‍ ഓര്‍ക്കുകയായിരുന്നു
പഴയ കൂട്ടുകാരനോട്‌ കുശലം പറഞ്ഞില്ലല്ലൊ,
ഹസ്തദാനം ചെയ്തില്ലല്ലൊ,
വണ്ടിക്കുള്ളിലിരുന്ന്‌
പരസ്പരം മുഖം പോലും കണ്ടില്ലല്ലൊ!


 

 
5വായന:
 • Blogger നസീര്‍ കടിക്കാട്‌

  കാലങ്ങള്‍ക്കു ശേഷം

   
 • Blogger ദ്രൗപദി

  ബന്ധങ്ങളുടെ ശൈഥില്യത്തിന്റെ നേര്‍ചിത്രമോ..
  അതോ തിരക്കിനിടയില്‍
  വിസ്മരിക്കപ്പെട്ടുപോവുന്ന
  മഹത്വങ്ങളോ...

  കവിതയുടെ ആഴം ഏറ്റുവാങ്ങുന്നു....

  ആശംസകള്‍...

   
 • Blogger നാദിര്‍

  പഴയ വണ്ടിയുടെ ഹോണ്‍
  ദീനമായി ശബ്ദിച്ചപ്പോള്‍
  കാല്‍നടക്കാര്‍ ഞെട്ടി തിരിയുകയും,
  ചിരി നിറച്ച്‌ നടന്നകലുകയും ചെയ്തു.

   
 • Blogger ഹാരിസ്

  :)

   
 • Blogger കുറ്റ്യാടിക്കാരന്‍

  പണ്ട് നാട്ടിലെ ചെറുപ്പക്കാര്‍ വയസ്സന്മാരെ കളിയാക്കി വിളിക്കുമായിരുന്നു, KRZ model എന്ന്...

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007