വഴി പിഴച്ചവനെന്ന്‌ വിളിക്കല്ലേ...
May 11, 2008

മടുത്തു പോകും,
എത്ര കത്തിജ്വലിച്ചിട്ടായാലും
വെളിച്ചം നിവര്‍ത്തിയിട്ടായാലും
ഒരേ വഴിയിലൂടെയുള്ള യാത്ര
സൂര്യനു പോലും മടുക്കും.

സൂര്യനോടൊപ്പം
കിഴക്കു നിന്ന്‌ ഒപ്പം കൂടുന്ന
കാക്കക്കും,കുയിലിനും മടുക്കും
ഉണര്‍ന്നെഴുന്നേല്‍ക്കുന്ന മരങ്ങള്‍ക്കും,
മലകള്‍ക്കും,പുഴകള്‍ക്കും
അച്ഛനും,അമ്മയ്ക്കും,മക്കള്‍ക്കും മടുക്കും.

സൂര്യനുമുണ്ടാവും മോഹം,
തെക്കു നിന്നു വടക്കോട്ടൊരു
യാത്ര പോകുവാന്‍...

അറബിക്കടലില്‍ മുങ്ങിവരുന്ന
മീന്‍ കൂക്ക്‌
വടക്കു നിന്ന്‌ ജീവന്‍ പിടപ്പിച്ചു വരും

കിഴക്കന്‍ പുഞ്ചയിലെ തേക്കുപാട്ടിന്‌റേയും,
കൊയ്ത്തുമണത്തിന്‌റേയും ഓര്‍മ്മകള്‍
തെക്കോട്ടു മാറും

വടക്ക്‌ പഞ്ചായത്തോഫീസിലേക്കുള്ള
ചരല്‍പാത കിഴക്കോട്ടാവും

തെക്കേ പറമ്പിലെ തെങ്ങ്‌ നനക്കുവാന്‍
പടിഞ്ഞാറോട്ടിറങ്ങും.

ഒരേ ഇരിപ്പില്‍ നിന്നു കുതറി
തിരിഞ്ഞിരിക്കുന്ന നമ്മുടെ മുഖം
വീട്‌ കിണര്‍ കുളം
ആടും,പശുവും,കോഴിയും...

കണ്ണ്‌ നെറ്റിത്തടത്തിലേക്കും
മൂക്ക്‌ ശിരസ്സിലേക്കും
കൈകള്‍ നട്ടെല്ലിലേക്കും
ചെവി അടിവയറ്റിലേക്കും
സ്ഥാനം മാറും.

അപ്പോള്‍,അ എന്ന അക്ഷരം
ഇ എന്നു വായിക്കപ്പെടുമോ,ആവോ?


 

 
5വായന:
  • Blogger നസീര്‍ കടിക്കാട്‌

    താഴെ നിന്ന് മുകളിലേക്കു വായിക്കുക;
    ഒടുവില്‍ മാത്രം തലക്കെട്ട് വായിക്കുക...

     
  • Blogger ബഷീർ

    അതെ ..എല്ലാം തല തിരിയുന്ന ഒരു ദിവസമുണ്ട്‌.. അന്ന് സൂര്യന്‍ പടിഞ്ഞാറുദിയ്ക്കും... അത്‌ വരെ കാത്തിരിക്കാം

    like the below word verification code
    ypnwjl

     
  • Blogger നജൂസ്‌

    ബഷീറിന്‌ അടിവര

     
  • Blogger Jayasree Lakshmy Kumar

    ദിക്കുകളുടെ ഫ്രെയിമിലാണ് നമ്മുടെ കണ്ണില്‍ ഓരോ കാഴ്ചയും രൂപപ്പെടുന്നത്. ഞാന്‍ ചിലപ്പോള്‍ ചിന്തിക്കാറുണ്ട് ഇവയെ എല്ലാം ഒന്ന് ദിക്ക് മാറ്റി ചിന്തിച്ചാല്‍ എങ്ങിനിരിക്കും എന്ന്. പക്ഷെ എത്ര ശ്രമിച്ചാലും കഴിയാറില്ല. ചില പുതിയ സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ദിക്ക് മാറി പോകുന്നു. പക്ഷെ പിന്നീട് കാഴ്ചയില്‍ രൂപപ്പെട്ട ആ ഫ്രെയിം ഒരിക്കലും മാറ്റാനും കഴിയാറില്ല

     
  • Blogger yousufpa

    ആ കാല്ങ്ങളൊന്നും അതിവിദൂരമല്ല.

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007