മനുഷ്യരെക്കുറിച്ചല്ല
May 13, 2008

തവിട്ടുനിറത്തില്‍ തുള്ളിയോടുന്ന
പശുക്കുട്ടി ജനിച്ചത്‌
അമ്മുവേടത്തിയുടെ പറമ്പിലെ പച്ചപ്പുല്ലില്‍,
മൈനയെന്ന്‌ വിളിക്കുന്ന
വെള്ളത്തൂവലുള്ള കോഴി ജനിച്ചത്‌
പുരപ്പുറത്തെ ഓലച്ചൂടില്‍.

രാമുട്ടിയുടെ വീട്ടിലെ പാണ്ടന്‍ നായ
ഞങ്ങളുടെ അടുക്കളപ്പുറത്തെ വെണ്ണീറിലും
സുബൈദയുടെ ആട്ടിന്‍ കുട്ടികള്‍
കിഴക്കേതിലെ പ്ളാവിന്‍ ചോട്ടിലും.

കീരി വേലിപൊത്തിലും
ഓന്ത്‌ മുളങ്കൂട്ടത്തിലും
കാക്ക വാഴകൈയിലും
മയില്‍ മഴക്കൂറ്റിലുമാവണം ജനിച്ചത്‌...

അവരുടെയൊന്നും ജന്‍മദിനങ്ങള്‍ക്ക്‌
കേക്ക്‌ മുറിക്കുന്നതും,
മെഴുകുതിരിയൂതുന്നതും കണ്ടിട്ടില്ല.
പട്ടിണിയെക്കുറിച്ചും,വിപ്ളവത്തെക്കുറിച്ചും
പാടി നടക്കുന്നത്‌ കേട്ടിട്ടില്ല.

സ്ക്കൂള്‍ മുറ്റത്തേക്ക്‌ പോകുമ്പോള്‍
പേരും,ജാതിയും ചോദിക്കില്ലാരും;
ഹാജര്‍ വിളിക്കില്ല.

നടക്കാനിറങ്ങുമ്പോള്‍,പോലീസുകാരന്‍
എങ്ങോട്ടെന്നും
എവിടെ നിന്നെന്നും കണ്ണുരുട്ടില്ല.

എന്നിട്ടും,
ഒറ്റ രാത്രി കൊണ്ട്‌ അപ്രത്യക്ഷമാവുന്നു
അവയുടെ മണവും
ജന്‍മദേശങ്ങളും.


 

 
2വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007