ക്ഷയം
Sep 13, 2008
മഴക്കാലമായപ്പോഴാണ്
മരം
മണമഴിച്ചു വെച്ച്‌
കുളിച്ചു നിന്നപ്പോഴാണ് ;
ആകെയൊന്ന്‌
ഉഴിഞ്ഞു നോക്കിയപ്പോഴാണ്
കണ്ണ്‌ നിറയെ കണ്ടത്‌ :

കഴുകിയൊലിച്ചു പോയത്‌
എന്തോരം വെയിലാണ്

ഉരച്ചുകളഞ്ഞത്‌
ആരുടെയൊക്കെ മരം കയറ്റമാണ്

പറന്നുപോയത്‌
ഏതൊക്കെ പക്ഷികളുടെ മണമാണ്

മുങ്ങിപ്പോയത്‌
ഏത് തുമ്പിച്ചിറകിന്റെ ധ്യാനമാണ്

നനഞ്ഞു കുതിര്‍ന്നത്‌
ഏത്‌ കൊമ്പത്തെ നിശ്ശബ്ദതയാണ്

കെട്ടുപോയത്‌
കുറ്റിരുട്ടിലേത്‌ പൊട്ടിച്ചൂട്ടാണ്...

മഴക്കാലമായപ്പോഴാണ്
മരം ക്ഷീണിച്ചുനിന്നത്‌
പെറ്റിട്ട കായ്കള്‍
മുളച്ചു തഴച്ചത്‌
തൊട്ടാവടി
കെട്ടിപ്പിടിച്ച് മിഴിച്ചത്‌.

മഴക്കാലമായപ്പോഴാണ്
മരം കണ്ണാടി നോക്കിയത്‌
കണ്ണാടിയിലൊരു മരം
ആരും കാണാതെ
ഉണങ്ങിക്കരിഞ്ഞത്‌


 

 
5വായന:
  • Blogger നസീര്‍ കടിക്കാട്‌

    ആരും കാണാതെ
    ഓരോ തൊടിയിലും

     
  • Blogger നരിക്കുന്നൻ

    മരം,
    മണമൊക്കെയഴിച്ചു വെച്ച്‌
    കുളിച്ചു നിന്നപ്പോഴാണ്
    ആകെയൊന്ന്‌
    ഉഴിഞ്ഞു നോക്കിയപ്പോഴാണ്
    കണ്ണ്‌ നിറയെ കണ്ടത്‌


    മനോഹരമായിരിക്കുന്നു.

     
  • Blogger വികടശിരോമണി

    മരത്തെപ്പോലും വെറുതെ വിടില്ല!

     
  • Blogger Kuzhur Wilson

    പോയി വന്നതില് പിന്നെ അടിമുടി കവിയായിരിക്കുന്നു
    മരത്തില് നിറയെ കവിതകളുണ്ടാകട്ടെ.

    പൂത്തലഞ്ഞു നില്ക്കുന്ന കവിതാ മരം
    (മരത്തില് തൊട്ട് കളിക്കരുത്)

     
  • Blogger Mahi

    കഴൂര്‌ പറഞ്ഞതാണ്‌ ശരി.കവിതയുടെ ഒരു മഴക്കാലം

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007