മരണവീട്‌
Sep 17, 2008
പടി കയറുമ്പോള്‍
ആരോ ചോദിക്കുന്നു

ഇന്നലെ ഈ വീട്‌
ഇവിടെയുണ്ടായിരുന്നോ ,
റോഡിലേക്ക്‌ തുറന്നു വെച്ച
പടിവാതിലുണ്ടായിരുന്നോ?

ഇവിടെ മനുഷ്യരുണ്ടായിരുന്നോ
ഇരിപ്പുമുറിയും കിടപ്പുമുറിയും
അടുക്കളയുമുണ്ടായിരുന്നോ ,
വെള്ളവും വെളിച്ചവുമുണ്ടായിരുന്നോ?

ഉണ്ടായിരുന്നുവെന്ന്‌
അകത്തൊരാള്‍
ഒന്നും പറയാതെ.

പടിയിറങ്ങുമ്പോള്‍
ആരോ വിളിച്ചോര്‍മ്മിപ്പിക്കുന്നു

മുറ്റത്തെ ചെമ്പകത്തൈക്ക്‌ വെള്ളം
പുല്ലില്‍ മേയുന്ന പശുവിനെ
മഴയ്ക്കു മുമ്പ്‌ അഴിച്ചു കെട്ടണേ
പത്രക്കാരന്റെ പൈസ മറക്കല്ലേ

അടുക്കളപ്പുറത്തെ വിറക്‌
വെയിലത്തുണക്കണേ
എണ്ണക്കാരന്‍ വരുമ്പൊ
പിണ്ണാക്കും വാങ്ങണേ

മറുപടിയായി
അകത്തുനിന്ന്‌
വാതിലും ജനലും കടന്ന്‌
കൂട്ടത്തോടെയെത്തുന്ന
നിലവിളി


 

 
1വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007