ഇരിപ്പിടം
Sep 22, 2008
വൃത്തത്തില്‍ എഴുതാനാവില്ല
ഇരിപ്പിടത്തെക്കുറിച്ച്‌

ഇരിപ്പിടത്തില്‍
നടുനിവര്‍ത്തലുണ്ട്‌
ചാരിയിരിപ്പുണ്ട്‌
ചുരുണ്ടൂ കൂടലുണ്ട്‌
കാലാട്ടമുണ്ട്‌
പാതിമയക്കമുണ്ട്‌

ഒന്നു ചിരിക്കുക പോലും ചെയ്യാതെ
അപരിചിതന്‍
ചാടിക്കയറിയിരിക്കുമ്പോള്‍
പകച്ചു പോകുന്ന കസേര

ഒരോര്‍മ്മയുടെ പിന്നാലെ
ചാടിയെഴുന്നേല്‍ക്കുമ്പോള്‍
അനാഥമാവുന്ന ബഞ്ച്‌

മയക്കത്തില്‍ നിന്നാരോ
വിളിച്ചുണര്‍ത്തി കൊണ്ടുപോകുമ്പോള്‍
പോയ്‌ വരട്ടേയെന്ന്‌ കേള്‍ക്കാന്‍
കാതോര്‍ക്കുന്ന സോഫ

അതിഥികള്‍
ചാഞ്ഞും ചരിഞ്ഞും വാതോരാതെ
ഇളകിയിരിക്കുമ്പോള്‍
ആരുമെന്നെ കണ്ടില്ലല്ലൊ എന്ന്‌
മുഖം കുനിക്കുന്ന സെറ്റി

വൃദ്ധന്‍ ഉറങ്ങി തുടങ്ങുമ്പോള്‍
തൊട്ടുതലോടാനാവാതെ ചാരുകസേര

കുട്ടികള്‍ കുത്തിമറിയുമ്പോള്‍
കൂടെക്കൂടാന്‍ കൊതിച്ച്‌ കുഞ്ഞുകസേരകള്‍

ഇരിപ്പിടത്തെ
ഏതൊക്കെ മരത്തില്‍
അപൂര്‍വ്വരൂപത്തില്‍ എഴുതിയാലും
വൃത്തം തെറ്റും
വാക്കിന്റെ ഇരിപ്പ്‌ മാറും

വീട്ടുകാരായും കൂട്ടുകാരായും
അയല്‍ക്കാരായും പിരിവുകാരായും
ദൈവമായും ചെകുത്താനായും
ഇരിപ്പിടം വൃത്തങ്ങള്‍ വരയ്ക്കും.


 

 
2വായന:
  • Blogger Mahi

    ഇരുത്തിയോറ്റത്തിരുന്ന്‌ എത്ര ഇരുത്തമില്ലായ്മകള്‍ കാണേണ്ടി വരുന്നു അതിന്‌

     
  • Blogger നജൂസ്‌

    ഒരിക്കളും പ്രതീക്ഷിക്കാതെ ഒരാളാല്‍ ഇരുത്തപ്പെട്ട കസേര. തൊട്ടുതലോടാതെ... കാഴ്ചമാത്രമായി പോവുന്നവ.

     
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007