പുറത്ത്‌
Sep 27, 2008
ഓടി കിതച്ചെത്തുന്ന നേരം
ആദ്യത്തെ ബെല്ല്‌
ശബ്ദിച്ചു തീർന്നിരുന്നു
ആദ്യത്തെ പീരിയഡിൽ
എല്ലാ ദിവസവും
പുറത്ത്‌.

മലയാളത്തിൽ നിന്നോ
സാമൂഹ്യപാഠത്തിൽ നിന്നോ
സയൻസിൽ നിന്നോ
പുറത്ത്‌.

ക്ലാസ്സിനകത്ത്‌
വൈലോപ്പിള്ളിയുടെ മാമ്പഴം
പഴുത്ത്‌ മണക്കുമ്പോൾ
പുറത്ത്‌,
മാവിൻ തൈ നട്ടുനനക്കും

ടിപ്പുസുൽത്താൻ പടവാൾ വീശി
അതിർത്തി കടക്കുമ്പോൾ
മുറ്റത്ത്‌
തുരങ്കം പണിയും

ഹൈഡ്രജനും ഓക്സിജനും
കൂട്ടിമുട്ടുമ്പോൾ
ഗെയ്റ്റിനു പുറത്തേക്ക്‌
പുഴയെ തുറന്നു വിടും

ഇനി
രക്ഷിതാവ്‌ വന്നിട്ടു മതി
ക്ലാസ്സിലേക്കെന്ന്‌
മാഷ്‌.

രക്ഷിതാവിനെ തേടി
സ്കൂളിൽ നിന്നിറങ്ങുമ്പോൾ
മാവിൻ തൈ
ആര്‌ നോക്കും

തുരങ്കത്തിലൂടെ
ഏതൊക്കെ ശത്രുക്കൾ
നുഴഞ്ഞു കയറി വരും

എത്ര കുട്ടികൾ
പുഴയിൽ വീണ്
ഒഴുകി പോകും?


 

 
4വായന:
 • Blogger നസീര്‍ കടിക്കാട്‌

  പുറത്താക്കപ്പെട്ടപ്പോഴൊക്കെ

   
 • Blogger Niyaz

  ലളിതം ഗൃഹാതുരം

   
 • Blogger smitha adharsh

  എന്തിനാ എപ്പോഴും നേരം വൈകിക്കുന്നെ?
  നേരത്തെ പോക്കൂടെ?
  വെറുതെ വഴി വക്കില്‍ വായിനോക്കി നിന്നിട്ട്!!

   
 • Blogger Mahi

  ഞാനിപ്പോഴുമതെ മലയാളത്തിൽ നിന്നും
  സാമൂഹ്യപാഠത്തിൽ നിന്നും
  സയൻസിൽ നിന്നുമൊക്കെ
  പുറത്ത്‌ തന്നെ

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007