കത്തി എങ്ങിനെയാണ് തിരഞ്ഞെടുക്കുക
Oct 3, 2008
ഇറങ്ങാൻ നേരത്താണ്
അടുക്കള വിളിച്ചു പറഞ്ഞത്‌ ,
കത്തി വാങ്ങാൻ
മറക്കല്ലേ...

പലതരം കത്തികൾ
മൂർച്ചകൾ
മുനകൾ
അമ്പരന്നു പോയി.

കൈയും കാലും
മുഖവും നെഞ്ചും
മുറിയാൻ തുടങ്ങി.

ചോര പൊടിയാനും
തല ചുറ്റാനും തുടങ്ങി.

സ്വകാര്യം പോലെ
ഒരോ കത്തിയോടും
ചോദിച്ചു:
മീനിനോടെങ്ങിനെ
കോഴിയോടെങ്ങിനെ
തക്കാളിയോടും
ചുവന്നുള്ളിയോടുമെങ്ങിനെ?

വാഴക്കുലയോടും
വരിക്കചക്കയോടും
ചേമ്പിൻ തണ്ടിനോടും
എങ്ങിനെ?

കടക്കാരൻ
തലയറഞ്ഞ്‌ ചിരിച്ചു.
കത്തി വാങ്ങുന്നവന്റെ
വേവലാതി
അയാൾക്കറിയില്ലല്ലൊ

കത്തിയല്ലെ പറയേണ്ടത്‌
മൂർച്ച കൊണ്ടുള്ള
സ്വന്തം ജീവിതമെന്തെന്ന്‌ .

മീൻ മണത്തും
കോഴി മണത്തും
തക്കാളിയും ഉള്ളിയും
മണത്തും
അടുക്കള തിണ്ണയിൽ
ചടഞ്ഞിരിക്കുമ്പോൾ
ചോരമണം തിരഞ്ഞ്‌ പോകുമോ
മൂർച്ചയും മുനയുമെന്ന്‌.


 

 
10വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007