ഗ്രോസറി*
Oct 8, 2008

ഗ്രോസറിയിൽ വളർത്തുന്നതാണ്.

കണ്ണാരമ്പൊത്തി
കണ്ടേ എന്നാർത്ത്‌ കുട്ടികൾ

എണ്ണിപെറുക്കി
ഇടം വലം നോക്കി അമ്മ

ഉലാത്തിയും
ഉലഞ്ഞും അച്ഛൻ

പ്രണയലേഖനം
എങ്ങിനെയെഴുതുമെന്ന്‌ കാമുകി

അസൂയ മുഴച്ച്‌ അയൽക്കാരൻ
തോളത്തിരുന്ന്‌ കൂട്ടുകാരൻ
കട്ടുതിന്നാൻ പൂച്ച.

ഗ്രോസറിയിൽ വളർത്തുന്നതാണ്
അരി പാക്കറ്റുകൾക്കിടയിൽ
പെപ്സി കാർട്ടൂണിനുള്ളിൽ
ഉള്ളി ചാക്കിനടിയിൽ.

കുട്ടികളോടൊപ്പം കൂടുമ്പോൾ
ഉപ്പ്‌ വാങ്ങാൻ വന്ന ബംഗാളിയെ
പഞ്ചാര വാരി എറിയും

അമ്മയുടെ മടിയിലാവുമ്പോൾ
വെള്ളം ചോദിച്ചെത്തുന്ന
ഈജിപ്തുകാരൻ വൃദ്ധനെ
മോര് കൊടുത്ത്‌ സൽക്കരിക്കും

അച്ചനോടൊപ്പം വീർപ്പുമുട്ടുമ്പോൾ
വന്നവരേയും വാങ്ങിയവരേയും
കാണാതെ പോകും

പ്രണയ ലേഖനമെഴുതുമ്പോൾ
ഉള്ളി വാങ്ങാൻ വന്ന
ഇന്തോനേഷ്യക്കാരിയെ കടക്കണ്ണെറിയും

അയൽക്കാരനുമായി കയർക്കുമ്പോൾ
കഴുത്തറക്കുന്ന വിലയെന്ന്‌
പറ്റുപടിക്കാരൻ ഇറങ്ങിപോവും

കൂട്ടുകാരൻ
ചെവി തിന്നാൻ തുടങ്ങുമ്പോൾ
കൊല്ലം നാലായല്ലൊ
നാട്ടിലേക്ക്‌ പോകാനായില്ലല്ലൊ എന്ന്‌
എല്ലാം തട്ടിമറിച്ചിടും
വളർത്തുപൂച്ച.

ഗ്രോസറി* പലചരക്കുകട



 

 
3വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007