വീടുമാറ്റം
Oct 14, 2008

പഴകി വീഴാറായിരിക്കുന്നു
പഴയൊരീ കെട്ടിടം
പുതിയ മുറി കണ്ടെത്തണം

നീ ഇതൊന്നുമറിയുന്നില്ലല്ലൊ,
ഒരു കാളക്കൂറ്റൻ വന്ന്
നിന്റെ കണ്ണുകൾ വരച്ചുവെച്ച മേൽക്കൂരയും
പരിഭവങ്ങൾ പതിച്ചുവെച്ച ചുവരും
ഇടിച്ചുടക്കുന്നത്.

നിന്നോടൊപ്പം ഉറങ്ങാനിനി
വേറൊരു മുറി കണ്ടെത്തണം

ഞാൻ ഉണർന്നിരിക്കുന്നതേ
നീ കണ്ടിരിക്കൂ,
നീ ഉറങ്ങുമ്പോൾ പോലും!

അണുബോംബുകൾക്കിടയിലൂടെ
നഗ്നയായ് ഓടിപോകുന്ന കുട്ടിയുടെ
നരച്ച ചിത്രം നമ്മുടെ അലമാരയിൽ
ചിതലെടുത്തു കാണും

കരയിച്ചതെല്ലാം ഒളിച്ചുവെച്ച അലമാര
ഇപ്പോഴും അവിടെതന്നെയുണ്ടോ?

നിനച്ചിരിക്കാത്ത നേരത്തിതാ
ഇരുന്നിടവും കിടന്നിടവും
ഓർത്ത് കരഞ്ഞിടവും
നഗ്നമായ മണലായ് ഓടുകയാണ്

കുറെയേറെ വീടുകളും മരങ്ങളും
മണലിനെ വീർപ്പുമുട്ടിക്കുന്നു

വെയിലിൽ വീണ നോട്ടം
ചവിട്ടുപടികളും
വാതിൽ പാളികളുമില്ലാത്ത മുറിയിൽ
നിന്നോടൊപ്പം ചേർത്തിരുത്തുന്നു

എവിടെയാണുറങ്ങുക
നീ കേൾക്കുന്നില്ല
ഞാനുറങ്ങുന്നത് നീ കണ്ടിട്ടില്ല

എവിടെ ഒളിച്ചിരുന്നാണ്
നിനക്കൊരു കത്തെഴുതുക
കത്തിലിടക്കിടെ ഉമ്മ തന്ന്
ഉത്തരമില്ലാതാവുക?


 

 
4വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007