ചാന്ദ്രയാൻ
Oct 23, 2008
ചാന്ദ്രയാന് പിന്നാലെ
രാമേട്ടനും കുതിച്ചു
ചന്തിക്ക് തീ പിടിച്ചാൽ
ആരായാലും കുതിച്ച് പൊങ്ങും.

കൈ വീശി കാണിച്ചതൊന്നും
മാനം നോക്കി നിന്നവർ കണ്ടില്ല
തുമ്പയിലും
ശ്രീഹരിക്കോട്ടയിലും
സ്ക്രീനിൽ തെളിഞ്ഞിട്ടുണ്ടാവണം,
തഴമ്പ് പൊട്ടിയ
രേഖകളില്ലാത്ത കൈകൾ.

3 2 1
താഴോട്ടിറക്കത്തിരുന്ന്
ത്രിശ്ശൂർ പൂരത്തിന് യന്ത്രയൂഞ്ഞാലിൽ
ബോധം കെട്ട് വീണതൊക്കെ
ഓർത്തു പോയി.

ഇന്നലെ വൈകുന്നേരത്തെ
രണ്ടുകുപ്പി അന്തിയും
രണ്ട് താറാവ് മുട്ടയും
മാത്രമാണ് വയറ്റിൽ
ഛർദ്ദിക്കുമൊ
തല ചുറ്റുമൊ
അടിവയറ്റിലെ അങ്കലാപ്പ്

ഉയരത്തിൽ എത്തിയപ്പോൾ
ഭാരം കുറഞ്ഞു തുടങ്ങി.
പണ്ട്,
റഷ്യയുടെ തോളത്തിരുന്ന്
ആര്യഭട്ട കുതിച്ച കുതിപ്പ്
ആവേശം കൊള്ളിച്ചപ്പോൾ
ചന്ദ്രനിലേക്കുള്ള വഴിയിൽ
വീറോടെ വിളിച്ചു കൂവി
ഇങ്ക്വിലാബ് സിന്ദാബാദ്
സ്ക്രീനിൽ അടയാളം ചുവന്ന് മിന്നി
പിന്നാലെ അറിയിപ്പ് വന്നു
നിയന്ത്രണം വിടരുതെന്ന്
ചുരുട്ടിയ മുഷ്ടി
താനേ അയഞ്ഞു.
ശരീരം മുഴുവൻ
യന്ത്രങ്ങൾ പിറുപിറുത്തു.

പട്ടയമില്ലാത്ത
സ്വന്തം ഭൂമിയിൽ മുളപ്പിച്ച
തേങ്ങയുണ്ട് കൈയിൽ,
ചന്ദ്രനിൽ നാട്ടാൻ.

രാമേട്ടൻ
പേലോഡുകൾ* ഇളക്കി
പുറത്തേക്ക് തലയിട്ടു,
കാണുന്നുണ്ടോ
മലാപെട്ട് കുന്ന്*


പേലോഡ് - ഉപഗ്രഹത്തിൽ ഘടിപ്പിച്ച യൂറോപ്പ്,അമേരിക്ക,ബൾഗേറിയ,ഇന്ത്യ
എന്നീ രാജ്യങ്ങളുടെ ഗവേഷണ ഉപകരണം

മലാപെട്ട് കുന്ന് – ചാൾസ് മെലാപേർട്ട് എന്ന ബഹിരാകാശ ശാസ്ത്രജ്ഞന്റെ പേരിൽ
അറിയപ്പെടുന്ന ചന്ദ്രനിലെ മെലാപേർട്ട് മൌണ്ടൻ


 

 
6വായന:
 • Blogger മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍

  ഇതും ഒരു കവിതയോ?

   
 • Blogger Mahi

  ഒറ്റ വാക്കില്‍ ഒരു കമെന്റ്‌ പറഞ്ഞാല്‍ ഇതിനെ GREAT എന്നെ പറയാനാകൂ.ശാസ്ത്ര ഗതി വേഗങ്ങളുടെ കാലങ്ങളില്‍ നാട്ടു മനുഷ്യനും നാട്ടു ഭാഷയും ഇങ്ങനെ കടന്നേറ്റം നടത്തുന്നതിനെ GREAT എന്നല്ലാതെ എന്താണു പറയുക.രമേട്ടന്‍ the great

   
 • Blogger കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!

  പ്രിയപ്പെട്ട രാമേട്ടന്,
  ചന്ദ്രനിലെത്തിയിട്ടൊരു കത്തെഴുതുമോ?
  അവിടെ കുളങ്ങളുണ്ടോ?
  കുളങ്ങളില്‍ വെള്ളമുണ്ടോ?
  വെള്ളത്തില്‍ പരല്‍മീനുണ്ടോ?
  കുളത്തില്‍ തവളകള്‍ പൊങ്ങിക്കിടക്കറുണ്ടോ?
  കുളിക്കാന്‍ പെണ്ണൂങ്ങളുണ്ടോ?
  ഉണ്ടെങ്കി ബെര്‍ലികാണും അവിടെ!
  ഇല്ലെങ്കി ബെര്‍ളീടെ കുഞ്ചാക്കോ എങ്കിലും.
  പിന്നെ കല്ലിടാന്‍ ഞാനുമങ്ങത്യേക്കാം...

   
 • Blogger വിശാഖ് ശങ്കര്‍

  നല്ല കവിത.

   
 • Blogger മുസാഫിര്‍

  ചന്ദ്രയാനം , വ്യത്യസ്ഥമായ വീക്ഷണം,നന്നായി.

   
 • Blogger lakshmy

  ‘പട്ടയമില്ലാത്ത
  സ്വന്തം ഭൂമിയിൽ മുളപ്പിച്ച
  തേങ്ങയുണ്ട് കൈയിൽ,
  ചന്ദ്രനിൽ നാട്ടാൻ.‘

  കാഴ്ചയുടെ രണ്ടറ്റങ്ങൾ


  കൊള്ളാം ഈ ചന്ദ്രയാൻ

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007