കുളക്കടവത്തെ കൈതക്കാടിനുള്ളിലെ പാലമരത്തിൽ
Oct 21, 2008
രുക്മിണിയാണ് ആദ്യം കണ്ടത്
എന്റെ ദൈവേ എന്ന അലർച്ചയോടെ
അലർച്ച കൊണ്ടിട്ടാവണം
ദിനേശൻ പൊത്തോന്ന് വെള്ളത്തിലേക്ക്
കുളി കാണാൻ ഒളിച്ചിരുന്ന
കൈതക്കാടിന്റെ പച്ചയിൽ നിന്ന്

ചതിച്ചല്ലൊ എന്ന് മീശബാലനും
പണ്ടാറക്കാലത്തി പോയോന്ന് ബീവാത്തുവും
കണ്ണ് ചുരുട്ടി ചുവപ്പിച്ച് റാക്ക് വേലായിയും
കുളക്കടവിലേക്ക് ഓടി

അലക്കുകല്ലിൽ രുക്മിണി കമഴ്ന്നടിച്ച്
നീട്ടി ചൂണ്ടിയ വിരലിൽ അലർച്ച
കൈതക്കാടിന്റെ മറപറ്റി
ദിനേശൻ കരയിലേക്ക് നനഞ്ഞിഴഞ്ഞു

ആണായും പെണ്ണായും ഓടികൂടിയവർ
പരസ്പരം പലതരം
പാമ്പുകളെ കുറിച്ച് പറഞ്ഞു തുടങ്ങി
പാമ്പുകൾ മരം കയറില്ലെന്ന്
പാലപൂമണം പാമ്പിന് പ്രിയമെന്ന്
കാലങ്ങളായി കുടിയിരിക്കുന്ന പെരുമ്പാമ്പാണെന്ന്
വിഷമില്ലാത്ത ചേരയാണെന്ന്

കൈതക്കാടിനുള്ളിലെ പാലമരത്തിൽ
അതങ്ങിനെ ഒലിച്ചിറങ്ങുകയാണ്
കണ്ടുനിന്നവർ ഉറക്കം കെടുത്തിയ
രാത്രികളിലേക്ക് ഒലിച്ചു പോവുകയാണ്
ജനൽ വിരിയിളക്കി
തലയിണമണം പൊതിഞ്ഞ്
വാതിൽ വിടവനക്കി
പറന്നുവരുന്ന മാണിക്യം കൊത്തിയ പാമ്പുകൾ

പാലമരത്തിൽ ഇലയടർന്നു
പാൽതുള്ളി കൈതമുള്ളിലേക്കിറ്റി മുറിഞ്ഞു
ഞാനൊന്നും കണ്ടില്ലെന്ന് നഖം കടിച്ചും
ഒന്നും ഒളിച്ചുവെച്ചില്ലെന്ന് മുഖമിരുണ്ടും
പേടിച്ചെത്തിയ വൈകുന്നേരം

നീലിതള്ള പാമ്പിൻ കാവിലേക്കോടി
തിരി വെച്ച് കണ്ണടച്ചു
നാരാണേട്ടൻ ആമിനയോടുണ്ടായിരുന്ന
പ്രേമമോർത്ത് കുളക്കടവിൽ കാലുനീട്ടി
പാമ്പിന്റെ പടമെടുത്ത് പ്രശാന്ത്
ജാനിക്ക് എം.എം.എസ് അയച്ചു
അതങ്ങിനെ ഇഴഞ്ഞിഴഞ്ഞ്
കൈതക്കാട്ടിൽ മറയുവോളം
എല്ലാവരും നോക്കി നിന്നു

പാമ്പാണോ ചേരയാണോ
എന്നറിയാത്ത അലർച്ചയോടെ
രുക്മിണി
അടുത്ത വീട്ടിലേക്ക് ഓടികയറി


 

 
6വായന:
 • Blogger വിഷ്ണു പ്രസാദ്

  നസീര്‍,മഹത്തായ കവിതകള്‍ ഈ ബ്ലോഗില്‍ ഉടനെ എനിക്ക് വായിക്കാമെന്ന് തോ‍ന്നുന്നു...

   
 • Blogger നരിക്കുന്നൻ

  നല്ല കവിത. ആ പാമ്പിനെ കൊല്ലാതെ വിട്ടൂല്ലേ?

   
 • Blogger കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!

  നസീര്‍ക്കാ, അതൊരു നീര്‍ക്കോലിയായിരുന്നൂ. ഞാന്‍ കല്ലീടാന്‍ പോയപ്പോഴും അതവിടുണ്ടായിരുന്നൂ. ഞാന്‍ പിന്നെ ധൈര്യ ശാലിയായിരുന്നു!

   
 • Blogger lakshmy

  കൊള്ളാം

   
 • Blogger മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍

  നസീര്‍,എന്തോ......കവിത എവിടയോ കൈമോശം വന്നിരിക്കുന്നു!

   
 • Blogger Mahi

  നസീര്‍ജീ താങ്കള്‍ ശരിക്കും എഴുത്തിന്റെ ഒരു പീക്‌ സ്റ്റേജിലാണെന്ന്‌ തോന്നുന്നു.എഴുത്ത്‌ ഇപ്പോള്‍ പിന്നിലല്ല താങ്കളുടെ മുന്നില്‍ കയറി സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു.അതുകൊണ്ടു തന്നെയായിരിക്കണം വിഷ്ണു മാഷ്‌ അങ്ങനെ പറഞ്ഞതും.താങ്കളുടെ മികച്ച സ്‌ഷ്ടികളില്‍ ഒന്നാണ്‌ ഈ കവിത.വരികളില്‍ അദൃശ്യമായ്‌ ഇഴഞ്ഞുനടക്കുന്ന കാമത്തിന്റെ വല്ലാത്തൊരു സാന്നിദ്ധ്യമാണ്‌ ഇതിനെ ശ്രദ്ധേയമാക്കുന്നത്‌.ഉറക്കം കെടുത്തിയ രാത്രികളിലേക്കും പാമ്പിന്‍ കാവിലേക്കും എം എം എസിലേക്കും അത്‌ ഇഴയുന്നു.അങ്ങനെ നമുക്കിടയിലെ ഓരൊ ഇടങ്ങളിലും അവ വളഞ്ഞു ചുരുണ്ട്‌ കിടക്കുന്നു

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007