ചൂല്
Oct 29, 2008
ചൂലേ…
നീളുമൊരു കൈ

വിളി കേട്ടിറങ്ങിയോടും
മുറ്റത്തേക്ക്
തൂത്ത് വാരി തുമ്പ് തേഞ്ഞ ചൂല്

അടുക്കള വാതിൽക്കൽ
നാണം കുടഞ്ഞ്
അമ്മയുടെ വിരലിൽ തൂങ്ങും
അഴകുള്ള ചൂല്

പീളക്കണ്ണ് തിരുമ്മി
തെരുവിലേക്ക്
തിരിച്ചു പോകും
അനാഥമായ ചൂല്…

ചൂലേ…

മുറ്റം മുടിച്ചെന്ന്
ഉണക്കിലകളോട് കയർത്ത്
കയ്പിറക്കിപ്പോയ വീട്ടുകാരനെ
തെരുവിലെ ചൂല് സർവ്വത്ത് കുടിപ്പിച്ചു

മുറി നിറയെ ചവറെന്ന്
അടി കൊണ്ട് കരഞ്ഞിറങ്ങിയ കുട്ടിയെ
മരത്തണലിലിരുന്ന്
സ്ക്കൂളിലെ ചൂല് നെഞ്ചോടമർത്തി

ചവറ്റുകൂനയിൽ നിന്ന്
പിടിക്കപ്പെട്ട അപരിചിതന്
ജയിലിലെ ചൂല്
കൂട്ടുകാരനായി

തെരുവിൽ കിടന്നു ചത്ത വൃദ്ധന്
മോർച്ചറിയിലെ തണുപ്പിൽ
ആശുപത്രിയിലെ ചൂല്
നെഞ്ചത്തടിച്ച കരച്ചിലായി

ചൂലേ…

വിളി കേട്ട്
മുറിയിലും മുറ്റത്തും തെരുവിലും
വെപ്രാളപ്പെട്ട് ചിതറും
കെട്ടഴിഞ്ഞ ചൂലുകൾ


 

 
5വായന:
 • Blogger നസീര്‍ കടിക്കാട്‌

  ചൂല് കൊണ്ടുള്ള അടിപ്പാടുകൾ...

   
 • Blogger കാപ്പിലാന്‍

  Wednesday, March 26, 2008
  ചൂലേ.......?
  അടുക്കള മൂട്ടിലും
  വിറക് പുരയുടെ ഇറമ്പിലും
  കരഞ്ഞും നിലവിളിച്ചും
  പിന്നെ വീണു മൂളിയും
  പാതിമയക്കത്തില്‍ കിടക്കും
  എന്‍റെ ചൂലേ
  നീ ഒന്നുണരൂ

  കുടില് മുതല്‍ കൊട്ടാരം വരെയും
  പിന്നെ ഈ വഴിയോരങ്ങളിലും
  കിടക്കും പൊടിയും ,മണ്ണും
  ഇന്നലത്തെ കാറ്റില്‍ വീണ
  കഴിഞ്ഞ കാലങ്ങളിലെ കരിയിലകളും ,
  പൌര മുഖ്യര്‍ ,പ്രമാണിമാര്‍
  കടിച്ചു തുപ്പി കളഞ്ഞ എച്ചിലുകളും
  നീ കാണുന്നില്ലേ .....?

  അതോ .. കണ്ടിട്ടും കാണാതെ
  പോലെ നീ കിടക്കുന്നുവോ ?

  കൊട്ടാരത്തിലെ പ്രഭുക്കന്മാര്‍
  നിന്‍റെ നേരെ വിരല്‍ ചൂണ്ടും
  പിന്നെ ഉറക്കെ നിന്നെ
  ഫ..ചൂലേ
  എന്നാക്ഷേപിക്കും

  ഒരു പക്ഷെ
  ആരും കാണാത്ത മൂലകളില്‍
  നിന്നെ വീണ്ടും ഒളിപ്പിക്കും
  കാരണം നീ അവരുടെ
  രഹസ്യങ്ങളെ വലിച്ചു പുറത്തിടും
  ഒരു കുറ്റി ചൂലിനെ പോലും
  അവര്‍ ഭയക്കും

  നിനക്ക് ഈ തിരുമുറ്റം
  വെടിപ്പാക്കാന്‍ എന്‍റെ ഈ കൈകള്‍ തരാം
  ഒരു പക്ഷേ
  നാളെ ഒരായിരം കൈകളും ഉയരാം
  നീ ഒന്നുണരൂ
  എന്‍റെ ചൂലേ

   
 • Blogger Mahi

  നന്നായിട്ടുണ്ട്

   
 • Blogger Sharu....

  നല്ല ചിന്ത

   
 • Blogger ഉമ്പാച്ചി

  ചിതറിക്കിടന്ന ചപ്പു ചവറുകളൊക്കെ
  അടിച്ചു കൂട്ടി ഈ ചൂല്‍,
  ചൂലേന്ന് വിളികേട്ടാല്‍ ഇനി ചൂളില്ല

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007