ആ വാക്ക്
Nov 7, 2008
എവിടെയും കാണുന്നില്ല
കിടക്കാൻ നേരത്ത് കിട്ടിയതാണ്
കൂടെക്കിടന്നവർ കാണാതെ
ഒളിപ്പിച്ചതാണ്
രാവിലെ ഉണർന്ന പാടെ
ആദ്യത്തെ വാക്കെന്ന്
കരുതി വെച്ചതാണ്

ഉറക്കത്തിനിടെ ഒരു വട്ടം
മൂത്രമൊഴിക്കാൻ എഴുന്നേറ്റിരുന്നു
അതിന്റെയാ
ഏകാഗ്രമായ ശബ്ദമല്ലാതെ
മറ്റൊന്നുമുണ്ടായിട്ടില്ല
പണ്ടത്തെ പാതിരാവും
വേപ്പിൻചോട്ടിൽ ചൊരിഞ്ഞ
താളവുമൊക്കെ ഓർത്തെങ്കിലും
അരണ്ട വെളിച്ചത്തോട് പോലും
ഒന്നും പറഞ്ഞിട്ടില്ല

എന്തോ സ്വപ്നം കണ്ടിരുന്നു
മറ്റേതോ സ്ഥലത്ത്
പഴയ ചങ്ങാതിമാരോ
ബന്ധുക്കളോ ആയിരിക്കണം
മുഖമൊട്ടും തെളിയുന്നില്ല
സംസാരിച്ചിട്ടില്ലവരോടും

ഉറക്കത്തിൽ എണീറ്റു നടക്കുകയും
സംസാരിക്കുകയും ചെയ്യുന്ന
ശീലവുമില്ല

എപ്പോഴോ
ഫോൺ ബെല്ലടിച്ചിരുന്നു
എണീക്കാൻ തുടങ്ങുമ്പോഴേക്കും
നിശ്ശബ്ദമാവുകയും ചെയ്തു

രാത്രിയിലെന്നും
നിന്നോട് സംസാരിക്കാറുണ്ടെന്ന്
അവൾ പറയാറുള്ളതോർത്തു
ഇന്നലെ രാത്രിയും വന്നിരിക്കുമോ
സംസാരിച്ചിരിക്കാനവൾ…

പുലരാൻ നേരത്താണ്
ആംബുലൻസ് നിലവിളിച്ചു വന്നത്
തൊട്ടു താഴത്തെ നിലയിലാരോ…
പിടഞ്ഞെഴുന്നേൽക്കുമ്പോൾ
നാവിൽ നിന്ന് വീണു പോയോ
സൂക്ഷിച്ചു വെച്ച വാക്ക്


 

 
3വായന:
  • Blogger നസീര്‍ കടിക്കാട്‌

    എത്രയോ ദിവസങ്ങളിൽ

     
  • Blogger Mahi

    പ്രേമം വിഴുങ്ങിയൊ ? അതൊ മരണം കൊണ്ടുപോയൊ സൂക്ഷിച്ചു സൂക്ഷിച്ചു വച്ചിരുന്ന ആ വാക്ക്‌.ജീവിതം എന്നു തന്നെയല്ലെ ആ വാക്ക്‌.നസീര്‍ക്കാ ഇങ്ങളെ കൊണ്ട്‌ തോറ്റു

     
  • Blogger ചന്ദ്രകാന്തം

    വിട്ടുപോകാനാവാതെ, നാവിലലിഞ്ഞിരിയ്ക്കാം..

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007