വാതിൽ
Nov 9, 2008
എത്രയോ വട്ടം
തുറന്നും അടച്ചുമാവണം
വാതിൽ
സ്വന്തം പഴുത് കണ്ടെത്തുന്നത്.

തുറന്നിറങ്ങി
തിരക്കിട്ട് പോയവരോ
അകത്തുകയറി
അടച്ചു താഴിട്ടവരോ
കണ്ടിട്ടില്ല
പഴുത്

ആശാരി
അറിഞ്ഞു പണിതതാണ്
ഏത് വാതിലിനും
പഴുത് വേണമെന്ന്
തച്ചുശാസ്ത്രവിധിയാവണം.

ആരും കാണാതെ
ഒരു നോട്ടത്തിന് കടന്നുപോകാൻ
ആരും കാണുന്നില്ലെന്ന്
കാഴ്ചയാകുവാൻ

ചുവരിൽ ധ്യാനിച്ചിരിക്കും
പല്ലിയും
മൂടിവെക്കാത്ത മുലയും
കുത്തിയൊലിക്കുന്ന കണ്ണീരും
വാതിൽ പഴുതിലൂടെ
പുറത്തേക്കിറ്റും.

മുറിഞ്ഞു പോയ പോലെ
വെളിച്ചത്തിന്റെ തുണ്ടം
മഴയുടെ ഒരിഴ
നടപ്പിൽ നിന്ന് തെറിച്ച
കാലൊച്ച…
അകത്തേക്കും.

വാതിലിനും
മോഹം വരും
ഒളിഞ്ഞുനോക്കാൻ

അകത്തേക്കോ
പുറത്തേക്കോ നോക്കേണ്ടതെന്ന്
തീർച്ചപ്പെടുത്താനാവാതെ
കറ ഗറ ശബ്ദത്തിൽ
വാതിലുകളെല്ലാം.


 

 
3വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007