ആകാശമിഠായി
Nov 12, 2008
ഞാനെന്റെ പേര് മാറ്റി
അവളുടേയും….
കേശവൻ നായരും
സാറാമ്മയും.

പേര് ചൊല്ലി
വിളിക്കാൻ തൂടങ്ങിയ കാലത്തേ
ഇതല്ലല്ലോ പേരെന്ന
പൊരുത്തക്കേടിലായിരുന്നു

ഹാജർ വിളിക്കുമ്പോളെല്ലാം
രാവിലെത്തന്നെ
ഉറങ്ങാൻ തുടങ്ങിയോന്ന്
മാഷ് വടിയെടുക്കും

ഒപ്പിട്ട് വാങ്ങുമ്പോൾ
സ്വന്തം ശമ്പളം
മുഖത്തേക്ക് നോക്കും
നീ തന്നെയോ എന്ന്…

പേര് മാറ്റി
കേശവൻനായരും സാറാമ്മയും.

വിരുന്നു വന്നവർ
വീട് മാറിയെന്ന്
അറച്ചു നില്പായി

ഓമനിച്ചു വളർത്തിയ
പശുക്കുട്ടി
കയറും പൊട്ടിച്ചോടി

അന്തിക്കു കത്തിക്കാൻ
നിലവിളക്കൊ
മെഴുകുതിരിയൊ
അയൽക്കാരൻ തീപ്പെട്ടിയുരച്ചു

കേശവന്നായരുണ്ടോ
സാറാമ്മച്ചേട്ടത്തിയുണ്ടോ
വഴിയേ പോയവർ
ഒളിഞ്ഞിരുന്ന് ഒച്ചവെച്ചു

മിഠായി വാങ്ങാനോടിയ മക്കൾക്ക്
ആകാശമിഠായി കിട്ടിയില്ല
കൈ നിറയെ
കിറ്റ് കാറ്റും കാഡ്ബറീസും…

വർണ്ണകടലാസിൽ
പൊതിഞ്ഞൊരു പൊട്ടിത്തെറി
മക്കളോടൊപ്പം
ഓടിക്കളിച്ചെത്തി

*സച്ചിദാനന്ദന്റെ ഞാൻ മുസ്ലിം എന്ന കവിത വായിക്കേണ്ടി വന്നപ്പോൾ
ബഷീറിന്റെ പ്രേമലേഖനം എന്ന നോവൽ വീണ്ടുമോർക്കേണ്ടി വന്നപ്പോൾ…
കേശവൻ നായരും സാറാമ്മയും ആകാശമിഠായിയും ബേപ്പൂർ സുൽത്താന് സ്വന്തം.


 

 
2വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007