ഇത് കവിതയല്ല
Nov 28, 2008

.
.
.
.
.
.
.
.
.
.
.
.
.

..

1

25 നവംബർ 2008

രാത്രി 10 മണിയായിടുണ്ടാവണം

നിന്റെ sms കിട്ടി

“കാണണം കേൾക്കണം

സ്നേഹം

 

നിന്റെ പുതിയ കവിത

അനിൽ തന്ന ആദ്യവരി

“ദൈവം നേർ രേഖയിൽ വന്ന

ആദ്യത്തെ ദിവസം”

പ്രാർത്ഥനപോലെ

 

ഉറങ്ങാൻ കിടക്കുമ്പോളും

ഉള്ളിൽ ഒരച്ഛന്റെ

വസന്തമായിരുന്നു

 

ദൈവത്തിന്

പിടികിട്ടാതിരുന്ന

നിമിഷത്തിന്റെ മറുഭാഷ

 

“മോൾക്ക് തുരുതുരാ

ഉമ്മ കൊടുത്തു

പരിഭ്രമത്താൽ

അവൾ കരഞ്ഞു

 

2

ഉറങ്ങി

തീർച്ച

അല്ലായിരുന്നെങ്കിൽ

സ്വപ്നം കാണില്ലായിരുന്നു

 

ഒരുസ്വപ്നം കണ്ടു എന്നാൽ

ഒന്ന് മോഹിച്ചു എന്നാണോ?

എങ്കിൽ

ആ സ്വപ്നത്തിനൊടുവിൽ

ദൈവമേ,

നിനക്കെന്നെ കൊല്ലാമായിരുന്നില്ലേ

ഒറ്റനിമിഷത്തിൽ

 

അപ്പോൾ

25 നവംബർ 2008

ഉറക്കത്തിലൂടെ കടന്നുപോയിരിക്കുമോ?

 

ആ സ്വപ്നം

26 നവംബർ 2008 ൽ

അടയാളപ്പെട്ടിരിക്കുമോ?

 

3

മനുഷ്യർ മാത്രമേ ഉണ്ടായിരുന്നുള്ളൂ

ഞാൻ ഒരു മനുഷ്യനാണെങ്കിൽ

 

ആഘോഷത്തിലായിരുന്നു എല്ലാവരും

ജന്മദിനമൊ

വിവാഹമൊ

ഉത്സവമൊ.

 

കൂട്ടംകൂടിയ മനുഷ്യർ

എന്നെതന്നെ നോക്കുന്നു

എനിക്ക് പിന്നാലെയാവുന്നു

 

ഭയം

രാത്രിയുടേതോ

പകലിന്റേതോ.

 

ഓടി

ഗോവണിപടിയിലൂടെ

 

പൊളിച്ചുപോയ തറവാടിനോട് ചേർന്ന

പശുതൊഴുത്ത് കണ്ടു

പശുക്കൾ അയവിറക്കിയ

ഏകാന്തതയുടെ മരയഴികൾ കണ്ടു

 

ഒളിച്ചിരുന്നു

മരയഴികൾക്കിടയിലൂടെ

ഒരേപോലെ വെള്ളയുടുപ്പുകൾ

ഉയർത്തിപ്പിടിച്ച തോക്കുകൾ

 

മനുഷ്യർ തന്നെയാണ്

ഞാനൊരു മനുഷ്യനാണെങ്കിൽ

 

അവർക്കിടയിൽ

പഴയൊരു കൂട്ടുകാരന്റെ മുഖം കണ്ടു

 

നിലവിളിച്ചുവോ

 

കൂട്ടുകാരന്റെ വെള്ളയുടുപ്പിനും

തോക്കിനുമിടയിലൂടെ

നടന്നു

 

ഓർക്കാനാവുന്നുണ്ട്

വൃദ്ധയുടെ അടുത്തേക്കായിരുന്നു

ഒരമ്മയുടെ മുഖമായിരുന്നു

വെടിയേറ്റിരുന്നു

 

അവിടെയാണ്

സ്വപ്നം നിശ്ശബ്ദമായത്

ഞാൻ ഉറങ്ങിക്കിടന്നത്

 

4

26 നവംബർ 2008

രാത്രി 11 കഴിഞ്ഞിട്ടുണ്ടാവണം

വാർത്ത വന്നു

നഗരം പൊട്ടിത്തെറിക്കുന്നു

മരണം പലവഴിക്ക് പാഞ്ഞുവരുന്നു

 

വാർത്തകൾ കൊണ്ട് പുതച്ച്

അവശിഷ്ടം പോലെ കിടന്നു

 

കരഞ്ഞു

എന്തിനെന്നില്ലാതെ ഉപ്പയെ ഓർത്തു

പഠിച്ചസ്കൂളും

മലയാളം പഠിപ്പിച്ച കോമളവല്ലിടീച്ചറേയും

സ്കൂൾ അസ്സംബ്ലിയിലെ

നിത്യവുമുള്ള പത്രവായനയും ഓർത്തു

 

നട്ടപ്പാതിരയെന്ന് മറന്ന്

നിന്നെ വിളിച്ചു

നിലവിളിയായി ടെലിഫോൺ മണി

ആരും കൈപ്പറ്റാനില്ലാതെ

 

അപ്പോൾ

26 നവംബർ 2008

വാർത്തയിലൂടെ കടന്നുപോയിരിക്കുമോ?

 

ആ കവിത

27 നവംബർ 2008 ൽ

ഭൂമിയിലെ മരങ്ങളെ വാരിപ്പിടിച്ചിരിക്കുമോ?

 

ആ അവസാനവരി

 

“എനിക്കുമൊന്നും

മനസ്സിലായില്ലെന്ന് മോളോട്

ദൈവം പറയുന്നതിന്റെ

ശബ്ദം ഞാൻ കേട്ടു”


കുഴൂർ വിത്സന്റെ കവിത "നീ വന്ന നാൾ

വായിച്ചത് 25 നവംബർ 2008 ന്

അന്ന് രാത്രി എന്റെ ഉറക്കത്തെ തിരഞ്ഞുവന്ന സ്വപ്നം

പിറ്റേന്ന് ദുരന്തവാർത്തയായപ്പോൾ. 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007