ഭൂതം
Dec 1, 2008

പൂതമേ,നമ്മളിലാരാണ്

പ്രായത്തിൽ മൂത്തവൻ,

ആദ്യം പിച്ചവെച്ചവൻ?

 

കവർന്നെടുക്കുകയായിരുന്നു നീയെന്നെ

ദൈവം പോലും കാണാതെ

 

പാടവും തോടും കടന്നച്ഛൻ

വീടെത്താറായപ്പോൾ

അടുപ്പൂതിയിരുന്നിരിക്കണം അമ്മ

 

വേലക്കൊട്ടിന്റെ പൂഴിപരപ്പിൽ

താളം പിടിച്ച് മറന്ന്നിന്നപ്പോൾ

കരിങ്കാളിയും മഞ്ഞപ്പൂതവുമാർക്കുന്നത്

പേടിച്ച് നിന്നിരിക്കണമമ്മ

 

ഞാൻ ജനിക്കുമ്പോൾ

അമ്മയുടെ അരക്കെട്ടിന് താഴെ

ഒളിച്ചിരുന്നിട്ടുണ്ടാവും നീ

നിന്നെക്കണ്ട് കരയാൻ മറന്നിട്ടാവാം

നുള്ളിക്കരയിച്ചിട്ടുണ്ടാവും നീ

 

ഉണ്ണാൻ മടിക്കുമ്പോൾ

ഇരുട്ട് ചൂണ്ടും അമ്മ

പൂതം വരുമെന്ന്‌

മുഖം പുതച്ചുമൂടി

പൂതമായച്ഛൻ വരും

 

എവിടെയും

മുമ്പിലാണ് നീ

 

കാക്കയെ കല്ലെറിയാനോങ്ങുമ്പോൾ

നീയെറിഞ്ഞിട്ടുണ്ടാവും ആദ്യം

എന്റെ കല്ലെത്തും മുമ്പെ

കാക്ക പറന്നിരിക്കും

 

പുസ്തകം നിവർത്തുമ്പോൾ

അവസാനപേജിലെത്തി

വായിച്ചതൊക്കെ

വിളിച്ച് കൂവുന്നുണ്ടാവും നീ

 

മതിയായെനിക്ക്,

 

ഞാനെപ്പോഴേ മതിയാക്കിയെന്ന്

ഇരുട്ടിൽ പൂതം



 

 
2വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007