ചിക്കൻ ചില്ലി
Nov 11, 2008

ഉണർന്നെണീറ്റാൽ
കോഴിക്കൂട് തുറന്നിടും
അമ്മ.
പൂവൻ
കാത്ത് നിൽക്കുകയാവും
സൂര്യനെ നോക്കിയൊന്ന്
കൂവാൻ

പുറ്റ് പിളർന്ന്
മണ്ണിര
തലനീട്ടി നോക്കുകയാവും
കോഴിക്കൊത്തിന്

അടിച്ചുവാരി തെറിച്ച
അരിമണിയും
പരിപ്പും പയറും
കാതോർക്കുകയാവും
ചിക്കിപെറുക്കിയുള്ള
കോഴിയുടെ കാലൊച്ചക്ക്

പൈപ്പിൻ ചോട്ടിൽ
ഒലിച്ചു നീളുന്ന നനവ്
ദാഹിച്ച് പിടയുന്നുണ്ടാവും
കോഴിയുടെ തൊണ്ടക്ക്

മൈലാഞ്ചി ചോട്ടിൽ
കൂമ്പി നിൽക്കുകയാവും
പിട
ചിറക് വിരിച്ചെത്തുന്ന
ആവേശത്തിന്

അടുപ്പ് കല്ലിൽ
വെന്ത് ചുവന്ന ഉള്ളി
പിറുപിറുക്കുന്നുണ്ടാവും
വന്നില്ലല്ലൊ കോഴി…

പടിഞ്ഞാറെത്തുമ്പോൾ
സൂര്യൻ
വിളിച്ചു ചോദിക്കുന്നുണ്ടാവും
കോഴിക്കൂടടച്ചോന്ന്

ഇരുട്ടിൽ
കുറുക്കൻ
കാത്ത് നിൽക്കുകയാവും
വാതിൽ തുറന്നിറങ്ങാൻ
നിലാവ് നോക്കി
ഓരിയിടാൻ


 

 
7വായന:
 • Blogger നസീര്‍ കടിക്കാട്‌

  കൊ കൊ കൊ കൊ.....

   
 • Blogger വേണു venu

  പേരിഷ്ടമായില്ല. വരികളെല്ലാം ഇഷ്ടമായി...

   
 • Blogger Joker

  ചില്ലി ചിക്കന്റെ വല്ല റസീപ്പിയായിരിക്കും എന്ന് കരുതി ‘ഓടി പാഞ്ഞു വന്നപ്പം’ കണ്ടത് ഇത്. :)

   
 • Blogger Mahi

  ഇരുട്ടിൽ
  കുറുക്കൻ
  കാത്ത് നിൽക്കുകയാവും
  വാതിൽ തുറന്നിറങ്ങാൻ
  നിലാവ് നോക്കി
  ഓരിയിടാൻ
  നസീര്‍ക്ക എന്‍ഡ് വളരെ നന്നായിട്ടുണ്ട്‌ ഒന്നും പറയാതെ തന്നെ അതെല്ലാം പറയുന്നുണ്ട്‌.ശ്ശൊ ഞാനെന്തൊരു മണ്ടനാണ്‌ അല്ലാതെ പിന്നെന്തൂട്ടാണ്‌ കവിത

   
 • Blogger മാറുന്ന മലയാളി

  നല്ല ടേസ്റ്റുള്ള ചിക്കന്‍ ചില്ലി ....സോറി... കവിത....

   
 • Blogger സുല്‍ |Sul

  നല്ല കവിത..

  ആ പടം അരോചകം.

  -സുല്‍

   
 • Blogger lakshmy

  ‘ആ കോഴിക്കൂടൊന്നടച്ചേക്കണേ...’[വല്യമ്മായിയിൽ നിന്നും മോഷ്ടിച്ചു]


  സുല്ലിന്റെ അഭിപ്രായം എനിക്കുമുണ്ട് ട്ടോ. കവിതക്ക് ആ പടം അരോചകം

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007