പ്ലേഗ്
Dec 5, 2008

പണ്ടൊന്നും ഇങ്ങിനെയായിരുന്നില്ലെന്ന്

അമ്മ

അടച്ചുപൂട്ടിയിടും വാതിലും ജനലും

ഇടക്കിടെ സംശയിച്ച് തള്ളിനോക്കും

 

ഒരോ മുറിയിലും കയറിയിറങ്ങും

എല്ലാവരുമില്ലേ

 

അടുപ്പത്ത് കാത്ത്നിൽക്കും

വെന്തുതീരും വരെ

 

കിണറ്റിന്നാഴത്തിലേക്കിറങ്ങി

ഉറവ വറ്റിയിട്ടില്ലെന്ന് നനഞ്ഞ്കയറും

 

തെങ്ങും മാവും പ്ലാവും കവുങ്ങും

എണ്ണിയെണ്ണി നടക്കും

 

തങ്കേച്ചിയുടെ മുറ്റത്തെ പ്ലാവ്

സാറാമ്മച്ചേട്ടത്തിയുടെ പറമ്പിൽ

അടിമുടി കായ്ച് നിൽക്കുന്നത് കണ്ടവരുണ്ട്

 

ആമിനാത്ത അരി അടുപ്പത്തിട്ട്

മഗ്‌രിബ് നിസ്കരിക്കാൻ നിന്നതാണ്

ജാനകിയുടെ അടുക്കളയിലുണ്ട്

ചോറ് തിളച്ചുപൊന്തുന്നു

 

എട്ടാംവാർഡിലെ ഗൾഫുകാരന്റെ വീട്

തൊട്ടടുത്ത മുനിസിപ്പാലിറ്റിയിൽ

അതേപടി തലയുയർത്തിനിൽക്കുന്നുവെന്ന്

പത്രത്തിൽ വാർത്ത വന്നു

 

ഇരുട്ടത്ത് അമ്മയുടെ വിരലെന്നെ

തിരഞ്ഞ്‌വരും

കൈകാലുകൾ

കണ്ണ് മൂക്ക് ചെവി

എല്ലാം അവിടെതന്നെയില്ലേ?

 

ഇരുട്ടിൽ വിറച്ചുനിന്ന വിരലിനോട്

ചോദിച്ചു

ആരാ,

മനസ്സിലായില്ലല്ലൊ 

 
0വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007