തീര്‍ച്ചയായും മരം നമ്മെ കാണുന്നുണ്ട്‌
Dec 14, 2008
ഇവിടെ നിന്നാല്‍ കാണാം
അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലും.
മരത്തിന്‌ പച്ച
ഇലകളെന്നേ തോന്നൂ

കാലങ്ങളായുള്ള കാത്തുനില്പിലേക്കോ
തൊട്ടുതാഴേക്ക് ഊര്‍ന്നുവീഴും നിഴലിലേക്കോ
കണ്ണെത്തില്ല

ഗതികെട്ടവരായി
പലവഴിക്ക് പോകുന്ന ചില്ലകള്‍
മറ്റൊരു മരമാവുന്നേയില്ല

കൈയെത്താത്ത ഉയരത്തില്‍
കാറ്റിനെ തൊടാനോടുകയാവണം

പലജന്മങ്ങളിലേക്കിഴയുന്ന വേരുകള്‍
ആഴത്തിലുമാഴത്തില്‍
വീട് പണിയുന്നുണ്ടാവണം

എത്രനേരം നോക്കിനിന്നാലും
കണ്ടതേയില്ലെന്ന്
പച്ചയുടെ നിറം നിനക്കറിയില്ലെന്ന്
മരം കളിയാക്കി ചിരിക്കും

എവിടെയെല്ലാം വെച്ച്...

നേര്‍ക്കുനേര്‍ നിന്നിട്ടില്ല മരത്തിന്‌ മുമ്പില്‍
ഒരു ചില്ലയിലൊ ഇലയിലൊ
പച്ച പച്ച എന്ന് തടഞ്ഞുവീഴും

വെയില്‍പാളി കണ്ണ്‌ തെറ്റിക്കും
മഴയിഴകള്‍ കണ്ണ്‌പൊത്തും
മരത്തണലില്‍ ഒളിച്ചുകളിച്ചവരൊ
തളര്‍ന്നിരുന്നവരൊ
പ്രണയിച്ചവരൊ
തെറിവിളിച്ച് ആട്ടിയോടിക്കും

കൂട്ടുകാരായെന്ന് മരത്തെ വിളിച്ചിട്ടില്ല
തോളൊപ്പമെത്താതെ
കൈകള്‍ ഉയരങ്ങള്‍ കയറിപോകും

ഓരോ വിരലും കൊത്തിയെടുത്ത്
മേഘങ്ങള്‍ക്കുള്ളില്‍ ആരോ ഒളിഞ്ഞിരിക്കുന്നുണ്ട്‌
പച്ച പച്ച എന്ന്‌
പക്ഷികള്‍ ചിറകടിക്കും

എന്റേതെന്ന്‌ അടക്കിപിടിച്ചിട്ടില്ല
കൈവട്ടം നെടുകെ പിളര്‍ന്ന്‌
ഈര്‍ച്ചവാള്‍
ഹൃദയത്തിലേക്കാണ്‌ ഓടിവരിക

പച്ച പച്ച എന്ന്‌
ഇരിപ്പുമുറിയുടെ വാതിലും
ജനല്‍പാളികളും
കസേരയും ഉറക്കെ വിളിച്ചുപറയുന്നുണ്ട്‌

കേള്‍ക്കുന്നുണ്ട്‌...
തലകുനിച്ച്‌നിന്ന മരം ചൂണ്ടി
നിനക്കൊന്നും തോന്നുന്നില്ലേയെന്ന്‌
ചോദിച്ച കൂട്ടുകാരന്‌


 

 
6വായന:
 • Blogger നസീര്‍ കടിക്കാട്‌

  തലകുനിച്ച്നിന്ന മരം ചൂണ്ടി
  നിനക്കൊന്നും തോന്നുന്നില്ലേയെന്ന്‌
  ചോദിച്ച കൂട്ടുകാരന്‌

   
 • Blogger വരവൂരാൻ

  പലജന്മങ്ങളിലേക്കിഴയുന്ന വേരുകള്‍
  ആഴത്തിലുമാഴത്തില്‍
  വീട് പണിയുന്നുണ്ടാവണം

  ആശംസകൾ
  ഇഷ്ടപ്പെട്ടും

   
 • Blogger ദേവസേന

  പച്ചത്തലമുടിയഴിച്ചിട്ട് വെയില്‍ കായുന്നു മരങ്ങളെന്ന് സര്‍ജു എഴുതിയതോര്‍മ്മപ്പെടുത്തി
  ഈ “പച്ച” കവിത.
  ‘ആര്‍ക്കും വേണ്ട എന്നെ‘ യെന്ന് സങ്കടപ്പെട്ടു നിലക്കുന്ന ഗാഫ് മരങ്ങള്‍ക്കാവാം ഈ കവിതാസമര്‍പ്പണം.
  അതുകൊണ്ടല്ലേ ഒരു ‘മര‘മനുഷ്യനു തന്നെ കവിത സമര്‍പ്പിക്കാന്‍ നിനക്കു തോന്നിയത്.

   
 • Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

  "തീര്‍ച്ചയായും മരം നമ്മെ കാണുന്നുണ്ട്‌"

  ഒരു പക്ഷെ ഭീതിയോടെയാവം, ഒരു മഴുക്കൈ എപ്പോഴാണ് നീളുക എന്ന ഭീതിയോടെ.

   
 • Blogger Mahi

  പ്രിയപ്പെട്ട എന്റെ ഈ മരത്തിന്‌ പച്ച പച്ച എന്ന്‌ ഞാന്‍ നിങ്ങളില്‍ തടഞ്ഞു വീണു കൊണ്ടിരിക്കുന്നു

   
 • Blogger ഉമ്പാച്ചി

  ഓരോ വിരലും കൊത്തിയെടുത്ത്മേഘങ്ങള്‍ക്കുള്ളില്‍ ആരോ ഒളിഞ്ഞിരിക്കുന്നുണ്ട്‌പച്ച പച്ച എന്ന്‌പക്ഷികള്‍ ചിറകടിക്കും
  നല്ല മരം

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007