കറുത്ത കട്ടിഫ്രെയിമുള്ള കണ്ണട
Dec 16, 2008
കറുത്ത കട്ടിഫ്രെയിമുള്ള കണ്ണടകൊണ്ടേ
അച്ഛനെ വരക്കാനാവൂ
ഊന്നുവടി കൊണ്ട്‌
ഗാന്ധിയെ അടയാളപ്പെടുത്തും പോലെ

മുഖം ഛായാചിത്രമായില്ലെന്ന്‌
കുറ്റം പറഞ്ഞോളൂ

കണ്ണടവട്ടത്തില്‍ തെളിയും
അച്ചുതണ്ടില്‍ തിരിയുന്നതിന്‍
ഭൂപാളം

മാഷുടെ പണിക്ക്‌ എന്തുകിട്ടും
എങ്ങിനെ കുടുംബം നോക്കും?

ചോദ്യം വയസ്സനായി
നരച്ചരോമങ്ങളായി
തെറിച്ച്‌ നില്പുണ്ട്‌ അച്ഛന്റെ ചെവിയില്‍

കണ്‍തടത്തിലെ
കരുവാളിച്ച ക്ളാസ്സ്‌മുറിയില്‍
ഇംഗ്ളീഷ്‌ പീരിയഡ്‌
സംശയം ചോദിക്കുന്നുണ്ട്‌

കൃഷ്ണമണിയില്‍ നിന്ന്‌
വീടും നെല്പാടവും തെങ്ങിന്‍തോപ്പും കടന്ന്‌
കപ്പല്‍
നടുക്കടലിലേക്കിറങ്ങുന്നുണ്ട്‌

മൂക്കിന്‍തുമ്പില്‍
ഉപ്പുകാറ്റ്‌ വീശുന്നുണ്ട്‌

ഭൂമിയുടെ പര്യായം ഉപ്പുവെള്ളമെന്ന്‌
കൂറ്റന്‍ മല്‍സ്യങ്ങള്‍
ചെറുചൂണ്ടല്‍ തിരയുന്നുണ്ട്‌

മാഷേ...

തുറമുഖത്ത്‌
സ്വീകരിക്കാന്‍ കാത്തുനില്പുണ്ട്‌
ഈന്തപ്പനയും 
കരയ്ക്കുകയറിയ മല്‍സ്യങ്ങളും

മണലില്‍
ഒട്ടകങ്ങളുടെ ക്ളാസ്സ്‌മുറിയുണ്ട്‌

കൂട്ടമണിയടിക്കുമ്പോള്‍
കറുത്ത കട്ടിഫ്രെയിമുള്ള കണ്ണട
മണല്‍കാറ്റ്‌ പൊതിയും
ആകാശം അസ്തമിക്കും

അച്ഛനെ വരക്കുമ്പോള്‍
ഭൂമിയുടെ പര്യായമാകും
മരുഭൂമിയാകും


 

 
10വായന:
 • Blogger നസീര്‍ കടിക്കാട്‌

  എല്ലാവര്‍ക്കും മാഷ്‌
  എന്റെ ഉപ്പ

   
 • Blogger തണല്‍

  മൂക്കിന്‍തുമ്പില്‍ഉപ്പുകാറ്റ്‌ വീശുന്നുണ്ട്‌

  അനുഭവിച്ചറിയുന്നു..

   
 • Blogger ...പകല്‍കിനാവന്‍...daYdreamEr...

  ഇഷ്ടപ്പെട്ടു സുഹൃത്തേ ...
  ആശംസകള്‍...

   
 • Blogger Melethil

  "എല്ലാവര്‍ക്കും മാഷ്‌
  എന്റെ ഉപ്പ"  എന്റെ ഒരു സുഹൃത്തുണ്ടായിരുന്നു , അയാള്‍ ഇതു തന്നെ പറയുന്ന കേട്ടിട്ടുണ്ട് , പ്രത്യേകിച്ചും ഉപ്പയുടെ ക്ലാസ്സില്‍ ഇരുന്നു പഠിക്കേണ്ടിവരുന്ന അവന്റെ, അവനെ പഠിപ്പിക്കുന്ന ഉപ്പയുടെ ആ മാനസികാവസ്ഥ , ആലോചിച്ചിട്ടുണ്ട് പലപ്പോഴും. അവനെ കാണുമ്പോള്‍ "പാവം" തോന്നുമായിരുന്നു.

  കവിത നന്നായി, ബൂലോകത്തില്‍ എത്ര കവികള്‍, കഴിവുള്ളവര്‍..സത്യം പറഞ്ഞാല്‍ ഒരു "മാതൃഭൂമി" വായിക്കുന്ന സുഖമാണ് ഈ ബ്ലോഗുകളൊക്കെ വായിച്ചു കഴിഞ്ഞാല്‍..

   
 • Blogger അനിയന്‍സ് അഥവാ അനു

  നമ്മെച്ചൊല്ലി അവര്‍ കടന്നുപോയ ആകുലതകളുടെ ആകെത്തുകയാണ് നമ്മള്‍ എന്ന് വായിക്കാം ല്ലേനസീറേ?

   
 • Blogger ഉമ്പാച്ചി

  ചോദ്യം വയസ്സനായിനരച്ചരോമങ്ങളായിതെറിച്ച്‌ നില്പുണ്ട്‌ അച്ഛന്റെ ചെവിയില്‍
  ഇതെന്തൊരു നോട്ടമാണ് ചങ്ങാതീ,
  പുറപ്പെടുവിക്കാനാകാത്ത
  ഒരു നിലവിളി കൊണ്ട് ഉള്ളം വിങ്ങുന്നു
  കെട്ടിപ്പിടിച്ച് ഒരുമ്മ

   
 • Blogger Pramod.KM

  മാഷേ...

   
 • Blogger രണ്‍ജിത് ചെമ്മാട്.

  "മൂക്കിന്‍തുമ്പില്‍
  ഉപ്പുകാറ്റ്‌ വീശുന്നുണ്ട്‌"...

  ഇതു വായിക്കുമ്പോള്‍...

   
 • Blogger my little world

  This comment has been removed by the author.

   
 • Blogger my little world

  കണ്‍തടത്തിലെ
  കരുവാളിച്ച ക്ളാസ്സ്‌മുറിയില്‍
  ഇംഗ്ളീഷ്‌ പീരിയഡ്‌
  സംശയം ചോദിക്കുന്നുണ്ട്‌
  maashe
  'ente raathrikalilevideyaanu neeyenna'
  ente samshayathinte utharamaanu ee kavitha..
  nannaayirikkunnu maashe

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007