എഫ്‌.ഐ.ആര്‍
Dec 21, 2008
കട്ടിലില്‍ കമഴ്ന്നാണ്‌ കിടപ്പ്
കണ്ണ്‌ തുറന്ന്‌.

നോട്ടം
കിടക്കയും കട്ടിലും കുഴിച്ച്‌
താഴെ നിലവും തുളച്ചു പോയിട്ടുണ്ട്‌
ആഴം അളക്കാനാവുന്നില്ല
വീടിന്റെ അസ്ഥിവാരവും
ഭൂമിയുടെ ആത്മാവും പിന്നിട്ടിട്ടുണ്ട്‌

തലയിണ തെക്കോട്ടെങ്കിലും
തല വടക്കോട്ട്‌
തലയിണയില്‍
പിണക്കം പറ്റിപ്പിടിച്ചിട്ടുണ്ട്‌
സ്വപ്നം നനഞ്ഞതിന്‍
മഞ്ഞക്കറ കാണുന്നുണ്ട്‌

കാലൊന്ന്‌
കട്ടിലില്‍ നിന്ന്‌ താഴേക്കൂര്‍ന്ന്‌
നടക്കാനോ ഓടാനോ
കാലൊച്ച കല്ലിച്ച്‌ ചുവന്നിട്ടുണ്ട്‌

വലംകൈ മുകളിലേക്ക്‌
ആരെയോ മാടിവിളിച്ച അടയാളം
കട്ടിലിനും മേല്‍ക്കൂരയ്ക്കുമിടയില്‍
വിറങ്ങലിച്ച്‌ നില്പുണ്ട്‌


ഒടിവോ ചതവോ മുറിവോ
ഒന്നുമില്ല ശരീരത്തിലെവിടേയും
കട്ടിലിന്‌ ചുറ്റും ചോര
വാതില്‍പാളിയോളം ഒഴുകി
ചുവപ്പല്ല
സൂര്യകാന്തിപ്പാടം പോലെ
മഞ്ഞ

മേശമേല്‍
കടലാസും പേനയുമുണ്ട്‌
ഒന്നുമെഴുതിയിട്ടില്ല
കസേരയില്‍
എന്തോ ഓര്‍ത്തിരുന്നതിന്‍ നേരം
അതേ മട്ടില്‍തന്നെ

(ഇനി പോസ്റ്റ്‌മോര്‍ട്ടത്തിനെടുക്കാം)


 

 
4വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007