ഊഞ്ഞാല്‍
Dec 26, 2008
തെക്കേപറമ്പിലെ ആ മാവില്‍
പടിഞ്ഞാട്ട് ചാഞ്ഞ കൊമ്പില്‍
എന്നുമുണ്ടായിരുന്നല്ലൊ
ആകാശത്തേക്ക്‌ ചിറക്‌ വിടര്‍ത്തുന്ന 
ആര്‍പ്പും ചിരിയും
നൃത്തമാടും പാവാടതുമ്പുകള്‍

മടിച്ച് മടിച്ച്‌
സാരിത്തലപ്പൊതുക്കി
പരിഭ്രമത്തില്‍ കുടുങ്ങിയ ചിരിയോടെ
അമ്മ ഇടയ്ക്കൊക്കെ
കുട്ടികളോടൊപ്പം കൂടും

രുക്മിണിയേച്ചി
വല്ലപ്പോഴുമാണ്‌ വരിക
നേരെ തെക്കേപറമ്പിലേക്ക്‌
അമ്മയെക്കാണാനോ
ഊഞ്ഞാലാടാനോ വന്നതെന്ന്‌
മുത്തശ്ശിമാവിനും സംശയമാവും

മതി മതി
സന്ധ്യയാവാറായി
ചുറ്റുവക്കത്തുള്ള വീടുകള്‍
തെക്കേപറമ്പിലേക്ക്‌ 
നീട്ടിവിളിക്കും

ആ മാവിന്‍കൊമ്പത്താണ്‌
ഇന്നലെ
ഒരു പാവാടത്തുമ്പ്‌
കാലില്‍ കെട്ടിപ്പിടിച്ച്‌
അനങ്ങാതെ നിന്നത്‌
ആര്‍പ്പും ചിരിയും കെട്ട കയര്‍
അറുത്തെടുത്തത്‌

സന്ധ്യ കഴിഞ്ഞിട്ടും
ഇരുട്ടായിട്ടും
ഒരു വീടും
തിരിച്ചുവിളിക്കുന്നത്‌ കേട്ടില്ല
പെണ്‍മക്കളെ 

 
9വായന:
 • Blogger നസീര്‍ കടിക്കാട്‌

  ഒരു വീടും
  തിരിച്ചുവിളിക്കുന്നത്‌ കേട്ടില്ല
  പെണ്‍മക്കളെ

   
 • Blogger ശിവ

  ഇന്നത്തെ വീടുകളുടെ ശരിയായ അവസ്ഥ....

   
 • Blogger Sarija N S

  കവിത കണ്മുന്നിലൊരു കാഴ്ച തന്നു, ഹൃദയത്തിലൊരു നോവു തന്നു.കവിയുടെ വിജയം!

   
 • Anonymous Anonymous

 • Blogger Mahi

  നന്നായിട്ടുണ്ട്‌ മാഷെ

   
 • Blogger ...പകല്‍കിനാവന്‍...daYdreamEr...

  ഹൊ എനിക്ക് വയ്യ ഈ എഴുത്ത്...!
  ഊഞ്ഞാലുകള്‍ പിന്നെയും ആടിക്കൊണ്ടിരുന്നു...!!
  പുതുവത്സരാശംസകള്‍....!

   
 • Blogger kaithamullu : കൈതമുള്ള്

  ഇഷ്ടായി, നസീര്‍!

   
 • Blogger tejaswini

  ആ മാവിന്‍കൊമ്പത്താണ്‌
  ഇന്നലെ
  ഒരു പാവാടത്തുമ്പ്‌
  കാലില്‍ കെട്ടിപ്പിടിച്ച്‌
  അനങ്ങാതെ നിന്നത്‌
  ആര്‍പ്പും ചിരിയും കെട്ട കയര്‍
  അറുത്തെടുത്തത്‌

  മനസ്സിനെ മുറിവേല്‍പ്പിച്ചു ഈ കവിത..മനോഹരം എന്ന പദപ്രയോഗം ഇവിടെ ശരിയെങ്കില്‍ അത്രയും പറയട്ടെ...

   
 • Blogger ഞാന്‍ ഇരിങ്ങല്‍

  നസീർ,
  കവിത ഇഷ്ടമായി. എന്നാൽ കവിതയിൽ പുതമയൊന്നുമില്ലെങ്കിലും കവിതയിൽ ജീവിതമുണ്ടെന്ന് തോന്നി.

  പാവടത്തുമ്പുകൾ മാവുകൾ തേടുമ്പോൾ
  സാരിത്തലപ്പുകൾ പരിഭ്രമത്തിൽ കോടിപ്പോകുമ്പോൾ
  മുത്തശ്ശി മാവിന് വേവലാതിയുണ്ടാവുക സ്വാഭാവികം.

  പെണ്മക്കളെ തിരിച്ചു വിളിക്കാൻ വീട്ടിൽ അമ്മമാരോ മുത്തശ്ശിമാരോ ഇല്ലാതാവുന്നുവെന്ന് ഈ കവിത ഓർമ്മപ്പെടുത്തുന്നു.
  നന്ദി
  സ്നേഹപൂർവ്വം
  ഇരിങ്ങൽ

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007