എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയഭര്‍ത്താവ്‌ വായിക്കുവാന്‍
Jan 7, 2009
ഉറപ്പുണ്ട്‌
സൂക്ഷിച്ചുവെച്ചിരുന്നതാണ്‌.
ഒതുക്കിപ്പിടിച്ച തട്ടം.

അലമാരയിലോ
പെട്ടിക്കുള്ളിലോ കാണുന്നില്ല.

വീട്‌ മാറുമ്പോള്‍
പഴയത്‌ പലതും ഉപേക്ഷിച്ചതില്‍
പനാസോണിക്കിന്റെ 
നാവ്‌ പോയ ടേപ്പ്‌റെക്കോര്‍ഡറുമുണ്ടായിരുന്നു.
അതിന്റെ കറുത്ത പ്ലേബട്ടണ്‍
പണ്ടേ നഷ്ടപ്പെട്ടിരുന്നുവല്ലൊ.

തട്ടം ഉപേക്ഷിച്ചിട്ടില്ല
സൂക്ഷിച്ചുവെച്ചിരുന്നതാണ്‌.

കല്യാണം കൂടാനിറങ്ങുമ്പോള്‍
ഒളിപ്പോരാളിയെപ്പോലെ മൂടിപുതച്ച്‌
ഇടവഴികള്‍ തിരയുന്ന ഉമ്മയുടെ മുഖം
നീലനിറമുള്ള നൂലില്‍ 
തുന്നിപിടിപ്പിച്ച തട്ടം.

വ അളും ദു ആയും ആകാശത്തേക്കുയരുന്ന
മദ്രസ്സപറമ്പിലെ ഇരുട്ടില്‍
മൈലാഞ്ചിയരച്ചു തേച്ച് ചുവന്ന
വല്യുമ്മയുടെ കൈവെള്ളകള്‍
പതിച്ചുവെച്ച തട്ടം.

യേശുദാസിന്റെ പാട്ടിന്‌ കാതോര്‍ത്ത്‌
ബര്‍മ്മയില്‍ നിന്നുള്ള ബസ്സിന്‌
വഴിക്കണ്ണായ വല്യമ്മായിയുടെ
തോടക്കാതുകള്‍ തിളങ്ങുന്ന തട്ടം.

പഠിപ്പ്‌ പാതിക്ക്‌ നിര്‍ത്തി
ദുബായ്‌കത്തിന്റെ നീളവും വണ്ണവുമളന്ന
ഇത്താത്ത വളര്‍ത്തുതത്തയുടെ
പച്ചനിറം കൊലുസ്സാക്കിയ തട്ടം.

തട്ടിത്തെറിപ്പിച്ചതോ
തട്ടിയെടുത്തോടിയതോ...

ഒളിച്ചുവെച്ച മുഖത്തെ 
കറുത്ത മറുക്‌ നീ കണ്ടുവോ?

നഷ്ടപ്പെട്ടില്ലല്ലോ
കറുത്ത പ്ലേബട്ടണെന്ന്‌
എന്റെ കരളേയെന്ന്‌ 
നീ അടക്കിപിടിച്ച്‌ ചുംബിച്ചുവോ?



 

 
2വായന:
  • Blogger വിഷ്ണു പ്രസാദ്

    പ്ലേബട്ടണ്‍...:)

     
  • Blogger ഉസ്മാന്‍ പള്ളിക്കരയില്‍

    മനസ്സിലെ മറവിയുടെ
    ഇടങ്ങളിലെവിടെയോ
    പുതഞ്ഞുപോയ ആ തട്ടം....
    വിശുദ്ധിവഴിയുന്ന തട്ടം......
    പൂനീലം മുക്കിയതിന്റെ
    നീലരാശികലര്‍ന്ന
    ശുഭ്രവര്‍ണ്ണ തട്ടം...
    മാതൃവാല്‍സല്യത്തിന്റെ
    മസൃണത തൊട്ടറിയാവുന്ന തട്ടം....
    ജീവിതവഴികളിലെവിടെയോ
    കയ്യില്‍നിന്നുര്‍ന്നുപോയ തട്ടം.....

    ആ തട്ടത്തിന്റെ വിശുദ്ധസ്മരണയെ
    മനസ്സിലേക്കാനയിച്ച
    ഭാവര്‍ദ്രമായ വരികള്‍ ......

    നന്ദിയുണ്ട്‌ സുഹൃത്തെ.........

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007