ഞാന്‍ ഇല്ല
Jan 28, 2009
എത്ര പെട്ടെന്നാണ്‌
ചിലര്‍ അപ്രത്യക്ഷരാവുന്നത്‌
ഇല്ലാതാവുന്നത്‌.

തിരഞ്ഞുവന്ന തപാലുരുപ്പടികള്‍
ആരും പൊട്ടിക്കാനില്ലാതെ തിരിച്ചുപോകുമ്പോള്‍
വീട്‌ തെറ്റിയോ
ഇങ്ങിനെയൊരാള്‍ ഭൂമിയിലുണ്ടോ
സംശയിക്കുന്നുണ്ടാവണം.

കിഴക്കേമുറ്റത്തെ ആര്യവേപ്പും
തെക്കേയതിരിലെ മാങ്കൊമ്പും
വടക്കേതിലെ കുളവും
എവിടെയെന്ന്‌ അന്വേഷിക്കുന്നുണ്ടാവും.

കാഴ്ച നഷ്ടപ്പെട്ട ജനലും
അംഗഭംഗം വന്ന വാതിലും
മനസ്സ്‌ നൊന്ത്‌ മച്ചും
വെപ്രാളപ്പെടുന്നുണ്ടാവും.

മുറ്റത്തേക്കുള്ള നാലുപടികള്‍
മുറ്റം കടന്ന്‌
വഴിയായ വഴിയൊക്കെ
ചുറ്റിത്തിരിയുന്നുണ്ടാവും.

വായിച്ചടുക്കിയ പുസ്തകങ്ങള്‍ക്കുള്ളില്‍
അക്ഷരങ്ങള്‍ ക്രമം തെറ്റി
ഖണ്ഡികകളും അദ്ധ്യായങ്ങളും കൂടിക്കുഴഞ്ഞ്‌
ഭ്രാന്തന്റെ ജീവിതമായിട്ടുണ്ടാവും.

കൂവുന്നതെന്തിനെന്ന്‌ കോഴിയും
പതുങ്ങുന്നതെന്തിനെന്ന്‌ പൂച്ചയും
വാലാട്ടുന്നതെന്തിനെന്ന്‌ പട്ടിയും
നെടുവീര്‍പ്പിടുന്നുണ്ടാവും.

എത്ര പെട്ടെന്നാണ്‌...

മുമ്പിലിങ്ങിനെ നില്‍ക്കുമ്പോഴും
എത്ര സൌമ്യമായാണ്‌
കണ്ണുകള്‍ അടഞ്ഞ്‌
കാണുന്നില്ലല്ലോയെന്ന്‌
വിളിച്ചുപറയുന്നത്‌.


 

 
4വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007