വയറിംഗ്‌
Jan 31, 2009
മഞ്ഞില്‍
പുലര്‍ച്ചെ നാലരയില്‍
ജവാസാത്തിലെ ടെലിഫോണ്‍ ബൂത്തില്‍
ഒരാള്‍.

മടക്കികുത്തിയ കൈലിക്കു താഴെ
പറന്നുവന്ന്‌
വരമ്പത്തിരിക്കും കൊറ്റിയുടെ
എല്ലിച്ച കാലുകള്‍.

മഞ്ഞുപാളിയിലൂടെ
ആകാശത്തുനിന്നും കൊഴിഞ്ഞുവീണ മട്ടില്‍
ഒരെല്ലിന്‍കൂട്‌.

വെളിച്ചത്തിന്‌ വഴികാണിക്കാന്‍
എട്ടുകട്ടടോര്‍ച്ചും തെളിച്ച്‌
പുഞ്ചക്കോളിലേക്കിറങ്ങുന്ന
ചേന്നനോ,
കറവക്കാരന്‍ നാരായണനോ
മീന്‍കാരന്‍ ഖാദറോ
പെരുമ്പിലാവ്‌ ചന്തക്കിറങ്ങിയ ഭാസ്കരനോ...

ബൂത്തില്‍
അക്കങ്ങള്‍ തിരയുന്ന
വിരലിന്റെ വിറയല്‍.

പറയാനെന്തോ
ഇറ്റിവീഴാനെന്തോ...

അപ്പുറത്ത്‌ ആരാണാവോ?

മഴനനയാത്ത വയര്‍ തന്നെ വാങ്ങണം
രണ്ടുമുറിയിലും ട്യൂബ്‌ലൈറ്റും...

പണിതീരാത്ത രണ്ടുമുറിയുള്ള വീട്‌
മഞ്ഞുമലയ്ക്കു മുഖാമുഖം.
പിടച്ചില്‍ പോലെ
ആകാശത്തെവിടെയോ ഒരു വെയില്‍ചീള്‌.

പുലര്‍ച്ചത്തണുപ്പില്‍
പല ഭാഷയില്‍ നിശ്ശബ്ദരായവരേയും നിറച്ച്‌
മുസഫയിലെ പണിയിടത്തേക്ക്‌
വാന്‍ ഇരമ്പി പുറപ്പെട്ടപ്പോഴാവണം
അയാള്‍
പിന്നെപ്പറഞ്ഞതൊന്നും കേട്ടില്ല

വാനില്‍
എല്ലാ ഭാഷയും ഉറങ്ങാന്‍ തുടങ്ങി.

.......................................
ജവാസാത്ത്‌:അബൂദാബിയിലെ അല്‍ഫലാ സ്ട്റീറ്റ്‌
മുസഫ:ഇന്‍ഡസ്‌ട്റിയല്‍ ഏരിയ


 

 
9വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007