ആത്മാവിന്‌റെ കൈകാലുകള്‍
Feb 12, 2009
മൂന്നാംയാമത്തില്‍ തന്നെയാണ്‌,
ആത്മാവ്‌ നടക്കാനിറങ്ങി.

അയാള്‍ക്കൊപ്പം ഇരുന്നും കിടന്നും
കിതച്ചും വിയര്‍ത്തും
കാശെണ്ണിയും കയര്‍ത്തും
ആത്മാവിനും മടുത്തിരുന്നു.

ഊട്ടിയിലേക്കോ,മൂന്നാറിലേക്കോ
മുങ്ങിയാലോ
കാശിയിലോ,കൈലാസത്തോ
അലഞ്ഞുനടന്നാലോ
എന്നൊക്കെ ഓര്‍ത്തതാണ്‌.
ഉറങ്ങികിടക്കുന്ന അയാളോടപ്പോള്‍
സങ്കടം തോന്നി

എല്ലാമൊന്നൊതുക്കിയിട്ട്‌ വേണം
കാശിക്ക്‌ പോകാനെന്നയാള്‍
ഇടയ്ക്കിടെ
മനസ്സില്‍ വരഞ്ഞുമുറിയുന്നതല്ലെ

വിട്ടുപോകാന്‍ വയ്യ
ഉണരുംമുമ്പെ തിരിച്ചെത്തണം.

കൈകള്‍ ചുഴറ്റിയും
കാലുകളില്‍ നൃത്തം വെച്ചും
ചാടിയും മറിഞ്ഞും
ആത്മാവ്‌ നടക്കാനിറങ്ങി...

വഴിയെവിടെ?
കൈകാലുകള്‍ക്ക്‌ പോലും ഇടമില്ലാതെ
വഴിയായ വഴിയെല്ലാം
ആത്മസഞ്ചാരങ്ങളുടെ കാട്‌

തിരക്കില്‍ നിന്നെങ്ങിനെ
തിരിച്ചുപോകും?

ആത്മാക്കള്‍
നിലവിളിക്കാന്‍ തുടങ്ങി.


 

 
6വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007