മൌസ്‌
Feb 15, 2009
എലിയുടെ ജീവപര്യന്തത്തെക്കുറിച്ച്‌
പൂച്ച വാചാലമാവും.

പൂച്ചയ്ക്കു മാത്രമല്ല,
ഭൂപടം വിട്ടൊഴിഞ്ഞ
എല്ലാ വന്‍കരകള്‍ക്കുമറിയാം
തിന്നുതീരുന്ന ജീവിതം.

പഴയ ആധാരക്കെട്ടുകളില്‍ കാണാം
എലിയെക്കുറിച്ചുള്ള വിശദവിവരണം.
കുഴിക്കൂറിനും വേലിക്കുമിടയിലെ
ഒന്നരസെന്‌റ്‌
അപ്രത്യക്ഷമായതിനെക്കുറിച്ച്‌ മാത്രമല്ല
രാജ്യങ്ങള്‍ തിന്നുതീര്‍ന്നതിന്‌റെ
അവശിഷ്ടങ്ങളും.

അലമാരക്കള്ളികള്‍ക്കറിയാം
ചന്തുമേനോനും
മാര്‍ക്കേസിനുമിടയില്‍ നിന്ന്
കേശവദേവിനെ കാണാതായതും
മഗ്ദലനമറിയം പാതിശരീരമായതും.

തകര്‍ന്നുവീണിട്ടില്ലാത്ത
ചുവരുകള്‍ വിളിച്ചുപറയും,
രവിവര്‍മ്മയുടെ സ്ത്രീശരീരങ്ങളില്‍
മുല പറിഞ്ഞതും
എം.എഫ്‌. ഹുസ്സൈന്‌റെ കുതിരകള്‍ക്ക്‌
കാലുകള്‍ പോയതും.

ഫെബ്രുവരിക്ക്‌ മാത്രമല്ല
മാര്‍ച്ചിനും
ഇരുപത്തെട്ട്‌ ദിവസങ്ങളെന്ന്,
ഏപ്രിലൊന്നിലേക്ക്‌
എങ്ങിനെ എത്തിപ്പെടുമെന്ന്
കലണ്ടര്‍ കൈമലര്‍ത്തും.

വഴിക്കണക്കിലെ
ഒരക്കം മോഷ്ടിക്കപ്പെട്ടതും
സാമൂഹ്യപാഠത്തില്‍ നിന്നൊരു കുട്ടി
ഓടിപ്പോയതും
അടുക്കിവെച്ച പുസ്തക്കെട്ട്‌
ഏട്‌ നിവര്‍ത്തും.

എന്നിട്ടും
എലി എങ്ങിനെയാണ്‌
വാഹനമായി മാറിയതെന്ന്
പൂച്ചയോട്‌ ചോദിച്ചാല്‍
കണ്ണ്‌ രണ്ടും ഇറുകെപൂട്ടി
പൂച്ച,
പാല്‍ കുടിക്കാന്‍ തുടങ്ങും.


 

 
17വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007